പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചൈനയുടെ കാലാവസ്ഥാ നിരീക്ഷണബലൂണ്‍ നിയന്ത്രണരേഖയില്‍ കണ്ടതായി തായ്‌വാന്റെ ആരോപണം. വെള്ളിയാഴ്ചയാണ് തായ്‌വാൻ പ്രതിരോധമന്ത്രാലയം ആരോപണവുമായി രംഗത്തെത്തിയത്. ഏകദേശം ഒരുമണിക്കൂറിലധികസമയം തായ്‌വാൻ കടലിടുക്കില്‍ ചൈനീസ് ബലൂണ്‍ കണ്ടതായി മന്ത്രാലയം വ്യക്താമാക്കി.
വടക്കൻ തായ്‌വാൻ നഗരമായ കീലുങ്ങിന്റെ തെക്കുപടിഞ്ഞാറ് 101 നോട്ടിക്കൽ മൈൽ (187 കി.മീ.) അകലെയാണ് ചൈനീസ് ബലൂൺ കണ്ടെത്തിയത്. അപ്രത്യക്ഷമാകുന്നതിനുമുമ്പ് ഏകദേശം ഒരുമണിക്കൂറോളം കിഴക്കോട്ടു സഞ്ചരിച്ച് ബലൂണ്‍ നിരീക്ഷണം നടത്തിയതായും പ്രതിരോധമന്ത്രാലയം അറിയിച്ചു. “ഞങ്ങള്‍ മനസ്സിലാക്കിയതനുസരിച്ച്, കണ്ടെത്തിയ ബലൂണിന് ശബ്ദസംവിധാനം ഉണ്ടായിരുന്നു” – പ്രതിരോധമന്ത്രി ചിയു കുവോ-ചെങ് പാർലമെന്റിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചൈന ഏകപക്ഷീയമായി തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെടുന്ന മേഖലയാണ് തായ്‌വാൻ. കഴിഞ്ഞ നാലുവർഷമായി തായ്‌വാനെതിരെ ചൈന സൈനികസമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്, കഴിഞ്ഞ ഒന്നര വർഷത്തിനിടെ ദ്വീപിനുചുറ്റും രണ്ട് റൗണ്ട് പ്രധാന യുദ്ധാഭ്യാസങ്ങളും സംഘടിപ്പിച്ചിരുന്നു. ദ്വീപിൽ ജനുവരി 13 -ന് പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമം ബെയ്ജിംഗ് നടത്തുന്നതായും തായ്‌വാൻ ആരോപിക്കുന്നു.