പശ്ചിമേഷ്യന്‍ ഏറ്റുമുട്ടല്‍ മൂന്നുമാസം പിന്നിട്ടതിനുപിന്നാലെ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത്. പലസ്തീനികള്‍ തങ്ങളുടെ മേഖലയിലേക്ക് പലായനം ചെയ്താല്‍ ഇരുരാജ്യങ്ങളുമായുള്ള ഈജിപ്തിന്റെ നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേല്‍ സൈനികനടപടിയെ തുടര്‍ന്ന് നിരവധി പലസ്തീനികളാണ് മേഖലയില്‍നിന്നും പലായനം ചെയ്യുന്നത്.
ഇസ്രായേൽ – ഹമാസ് യുദ്ധത്തിന്റെ ആരംഭം മുതൽതന്നെ ഈജിപ്ത് ആശങ്ക വച്ചുപുലർത്തിയിരുന്നു. തങ്ങളുടെ പ്രദേശത്തേക്ക് പലസ്തീനികളുടെ കടന്നുകയറ്റമുണ്ടാകുമോ എന്ന കാര്യത്തിലായിരുന്നു ഈജിപ്തിന്റെ ആശങ്ക. പലസ്തീൻ അഭയാർഥികളെ സ്വീകരിക്കില്ലെന്നാണ് ഈജിപ്ത് ആവർത്തിച്ചു വ്യക്തമാക്കിയതും. എന്നാല്‍, പലസ്തീനികൾ ഗാസ മുനമ്പിൽനിന്ന് സീനായ് പ്രദേശത്തേക്ക് പലായനംചെയ്യാനുള്ള സാധ്യത വര്‍ധിച്ച സാഹചര്യത്തിലാണ് അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്തെത്തിയത്.
അതേസമയം, യുദ്ധത്തിൽ ഇതുവരെ 16,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബർ മൂന്നു വരെയുള്ള കണക്കനുസരിച്ച്, ഏകദേശം 1.9 ദശലക്ഷം പലസ്തീനികൾ ഗാസമുനമ്പിൽ ഇതിനകംതന്നെ പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ജനസംഖ്യയുടെ ഏകദേശം 85% ആളുകൾ പ്രദേശം വിട്ടതായാണ് കണക്കുകൾ.