Saturday, April 19, 2025

ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ കൂടിയേക്കാമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ കൂടിയേക്കാമെന്ന് റിപ്പോര്‍ട്ട്. ദി ഇക്കണോമിക് ടൈംസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന പ്രമുഖ സ്ഥാപനങ്ങളെല്ലാം കൂലി വര്‍ദ്ധിപ്പിച്ചതാണ് ഇതിനു കാരണം. ഇന്ധന വില വര്‍ദ്ധിച്ചതിനാല്‍ ചെലവുകള്‍ കൂടിയിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വിലയില്‍ ഉടന്‍ തന്നെ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കടക്കം സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതില്‍, പ്രധാനപ്പെട്ട കമ്പനികളിലൊന്നായ ഡെലിവറി പറയുന്നത്, തങ്ങള്‍ ചാര്‍ജ് 30 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ്. വ്യോമ, കരമാര്‍ഗം വിതരണം ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്നു എന്നാണ് കമ്പനി പറയുന്നത്.

ഡെലിവറിയോട് യോജിച്ച് പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് അഗ്രിഗേറ്റര്‍ കമ്പനിയായ ഷിപ്‌റോക്കറ്റ് പറഞ്ഞത്, പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു എന്നാണ്. കഴിഞ്ഞ ആഴ്ചകളിലും ഇന്ധന വില കുത്തനെ ഉയര്‍ന്നതാണ് ഇതിനു കാരണമായി അവര്‍ പറയുന്നത്. പെട്രോള്‍ വില മുംബൈയില്‍ 100 രൂപ കടന്നതോടെയാണ് എത്തിച്ചു കൊടുക്കാനുളള ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. മുംബൈയില്‍ ഡീസലിനും വില 100 രൂപ കടന്നു.

 

Latest News