അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘട്ടനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ധാരണയായി. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെടും. ഇരുരാജ്യങ്ങളിലെയും യുദ്ധത്തടവുകാരെ പരസ്പരം കൈമാറ്റം ചെയ്യുമെന്നും വിവരമുണ്ട്.
ദീർഘനാളായി കാത്തിരിക്കുന്ന സമാധാനം കൈവരിക്കാൻ ചരിത്രപരമായ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നാണ് ഉടമ്പടിയെക്കുറിച്ച് ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ പറയുന്നത്. പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തത്വങ്ങളോടുള്ള ആദരവിന്റെ അടിസ്ഥാനത്തിൽ സമാധാന ഉടമ്പടിയിൽ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. കരാറിന്റെ ഭാഗമായി, അസർബൈജാൻ ആതിഥേയത്വംവഹിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള അടുത്ത വർഷത്തെ അന്താരാഷ്ട്ര സമ്മേളനത്തെ പിന്തുണയ്ക്കുമെന്നും അര്‍മേനിയ അറിയിച്ചു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ശാശ്വതസമാധാനത്തിനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലാണ് കരാറിനെ സ്വാഗതംചെയ്ത് രംഗത്തെത്തിയത്. കരാറിനെ താൻ സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.