Monday, November 25, 2024

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത് തിരിച്ചടിയായെന്ന് താലിബാന്‍ മന്ത്രി

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചതാണ് താലിബാനില്‍നിന്ന് ജനങ്ങള്‍ കൂടുതലായി അകന്നതിനുകാരണമെന്ന് താലിബാന്റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്. കാബൂളില്‍നിന്ന് സംപ്രേഷണം ചെയ്യുന്ന അഫ്ഗാന്‍ ന്യൂസ് ചാനലായ ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് ഗ്രേഡ് 6-ന് ശേഷമുള്ള ക്ലാസുകള്‍ പുനരാരംഭിക്കണമെന്നും അറിവില്ലാത്ത സമൂഹം ഇരുളടഞ്ഞതാണെന്നും ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് പറഞ്ഞു.

താലിബാന്‍ അധികാരത്തിലെത്തിയതിനുപിന്നാലെ അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്ക് ഗ്രേഡ് 6 വരെയുള്ള വിദ്യാഭ്യാസത്തിനുമാത്രമാണ് അനുമതിയുള്ളത്. രാജ്യത്തെ മതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ നല്‍കിവരുന്ന വിദ്യാഭ്യാസത്തിന് മതിയായ നിലവാരമില്ലെന്ന് താലിബാന്‍ നിയുക്ത വിദ്യാഭ്യാസമന്ത്രി ഹബീബുള്ള ആഘ അടുത്തിടെ വിമര്‍ശനമുന്നയിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനുള്ള നടപടികളില്‍ ശ്രദ്ധ ചെലുത്തണമെന്ന് താലിബാനോടും മതപണ്ഡിതന്‍മാരോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Latest News