കത്തോലിക്കാ സഭയിൽ ആദ്യമായി കുട്ടികളുടെ ദിനം ആഘോഷിക്കും എന്ന് പ്രഖ്യാപിച്ചു ഫ്രാൻസിസ് പാപ്പാ. 2024 മെയ് മാസത്തിൽ ആയിരിക്കും കത്തോലിക്കാ സഭയിലെ ആദ്യ ശിശുദിനാഘോഷം നടത്തപ്പെടുക. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 8-ന് നൽകിയ സന്ദേശത്തിൽ ആണ് ആദ്യത്തെ ശിശുദിനം മെയ് 25-26 വാരാന്ത്യത്തിൽ റോമിൽ ആഘോഷിക്കുമെന്ന് പാപ്പാ വ്യക്തമാക്കിയത്.
“അടുത്ത വർഷം മെയ് 25, 26 തീയതികളിൽ ഞങ്ങൾ റോമിൽ ആദ്യത്തെ ലോക കുട്ടികളുടെ ദിനം ആഘോഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ക്രിസ്തുവിനെ പോലെ കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അവരെ പരിപാലിക്കുവാനും സഭ ആഗ്രഹിക്കുന്നു ” ഫ്രാൻസിസ് മാർപാപ്പ അപ്പോസ്തോലിക് കൊട്ടാരത്തിന്റെ ജനാലയിൽ നിന്ന് പറഞ്ഞു. വത്തിക്കാനിലെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി സംഘടിപ്പിക്കുന്ന ഈ ദിനം, “വളരുന്ന കുട്ടികൾക്ക് ഏതുതരം ലോകമാണ് നാം കൈമാറാൻ ആഗ്രഹിക്കുന്നത്?” എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്ന് മാർപ്പാപ്പ വിശദീകരിച്ചു.
വത്തിക്കാൻ ന്യൂസ് പറയുന്നതനുസരിച്ച്, ഒൻപതു വയസ്സുള്ള അലസ്സാൻഡ്രോ എന്ന ആൺകുട്ടിയാണ് ഈ പരിപാടിക്ക് പ്രചോദനമായത്. ലോക യുവജന ദിനം പോലുള്ള ഒരു അന്താരാഷ്ട്ര പരിപാടി കുട്ടികൾക്കായിയും നടത്താനുള്ള ആശയം അലസ്സാൻഡ്രോ മാർപ്പാപ്പയോട് നിർദ്ദേശിച്ചു.