റഷ്യയുടെ ഭരണാധികാരിയായി അടുത്ത ആറു വര്‍ഷവും താന്‍തന്നെ തുടരുമെന്ന പ്രഖ്യാനവുമായി പ്രസിഡന്റ് വ്ളാഡിമാര്‍ പുടിന്. 2024ല്‍ മര്‍ച്ചില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിന് മത്സരിക്കുമെന്ന സൂചനയാണ് പ്രഖ്യാപനത്തിലൂടെ നല്‍കുന്നത്. റഷ്യയുടെ ഭരണാധികാരയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷ വെള്ളിയാഴ്ചയാണ് പുടിന് പങ്കുവച്ചത്.
“ഒരു തീരുമാനമെടുക്കേണ്ടത് ആവശ്യമാണ്, അതിനാല്‍ ഞാൻ ഇത് നിങ്ങളിൽ നിന്ന് മറച്ചുവെക്കുന്നില്ല റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റായി അടുത്ത തവണയും ഞാന്‍ മത്സരിക്കും.” പുടിൻ പറഞ്ഞു. പതിവില്‍നിന്നും വിപരീതമായി തത്സമയ ടെലിവിഷൻ പ്രസംഗം ഒഴിവാക്കി ക്രെംലിന്പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പുടിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇത് അദ്ദേഹത്തിന്റെ എളിമയും ഉത്തരവാദിത്വ ബോധവുമാണ് സൂചിപ്പിക്കുന്നതെന്ന് കാർനെഗീ റഷ്യ യുറേഷ്യ സെന്ററിലെ ടാറ്റിയാന സ്റ്റാനോവയ അഭിപ്രായപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പുടിന് റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് 2000 മാര്‍ച്ചിലാണ്. അധികാരത്തില്‍ എത്തിയശേഷം ആഭ്യന്തരവും വിദേശിയവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് കാല്‍നൂറ്റാണ്ട് പ്രസിഡന്റ് പദത്തില്‍ തുടരാന്‍ പുടിന് കഴിഞ്ഞത്. ഉക്രെയിന് യുദ്ധത്തില്‍ ആള്‍നാശം സംഭവിച്ചിട്ടും പുടിന് വലിയ പിന്തുണ ലഭിക്കുന്നതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാഗ്നര്‍ ഗ്രൂപ്പ് നേതാവായ പ്രിഗോഷിന്റെ വെല്ലുവിളിയെ അതിജീവിക്കന്‍ സാധിച്ചതും രാജ്യത്ത് അദേഹത്തിനു ലഭിക്കുന്ന പിന്തുണയും അധികാര തുടര്‍ച്ചക്കുള്ള സാധ്യതയാണ് കാണിക്കുന്നത്.