റഷ്യയുടേയും ബെലാറസിന്റേയും തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങള്‍ക്ക് പാരിസ് ഒളിമ്പിക്സില്‍ നിബന്ധനകളോടെ മത്സരിക്കാന്‍ അനുമതി. ആറ് കർശന നിബന്ധനകളോടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐഒസി) ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. രാജ്യത്തിന്റെ പതാക, മുദ്ര, ദേശീയഗാനം തുടങ്ങിയവയൊന്നുമില്ലാതെ സ്വതന്ത്രമായി മത്സരിക്കുന്നതിനാണ് അനുമതി.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടർന്നാണ് റഷ്യ- ബെലാറസ് രാജ്യങ്ങളെ പാരിസ് ഒളിമ്പിക്സില്‍ നിന്നും ഐഒസി വിലക്കിയത്. പിന്നാലെ താരങ്ങളെ മത്സരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് മാനുഷിക അവകാശത്തിന്‍റെ ലംഘനമാണെന്ന് വിലയിരുത്തപ്പെട്ടു. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ക്ക് മത്സരിക്കാന്‍ ഐഒസി അനുമതി നല്‍കിയത്.
പാരീസ് ഒളിമ്പിക്സിന് 4,600 കായിക താരങ്ങളാണ് യോഗ്യത നേടിയിരിക്കുന്നത്. ഇതില്‍ 11 പേർ അംഗീകൃത സ്വതന്ത്ര അത്‌ലീറ്റുകളാണ് (എഐഎന്‍). എട്ട് പേർ റഷ്യയുടേയും മൂന്ന് പേർ ബലാറസിന്റേയും പാസ്‌പോർട്ടുള്ളവരാണ്.
ഐഒസിയുടെ യോഗ്യതാ നിബന്ധനകള്‍
1, റഷ്യയുടേയും ബലാറസിന്റേയും പാസ്‌പോർട്ടുള്ള യോഗ്യത നേടിയ കായിക താരങ്ങള്‍ക്ക് എഐഎന്‍ വിഭാഗത്തിന്റെ കീഴില്‍ മത്സരിക്കാം.
2, ബലാറസിന്റെയോ റഷ്യയുടെയോ പാസ്‌പോർട്ടുള്ള കായിക താരങ്ങളുടെ ടീമുകളെ പരിഗണിക്കില്ല.
3, യുദ്ധത്തെ പിന്തുണയ്ക്കുന്ന താരങ്ങള്‍ക്കും സപ്പോർട്ട് സ്റ്റാഫിനും പ്രവേശനമുണ്ടാകില്ല. മത്സരിക്കാനും കഴിയില്ല.
4, റഷ്യ, ബെലാറസ് സൈന്യവുമായോ ദേശീയ സുരക്ഷ ഏജന്‍സികളുമായോ കരാറിലേർപ്പെട്ടിരിക്കുന്ന കായിക താരങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല.
5, എല്ലാ കായികതാരങ്ങളേയും പോലെ ഉത്തേജകവിരുദ്ധ ചട്ടങ്ങള്‍ പാലിച്ചിരിക്കണം.
6, റഷ്യയ്ക്കും ബലാറസിനുമെതിരായ ഉപരോധങ്ങള്‍ തുടരും. ഇരുരാജ്യങ്ങളേയും പ്രതിനിധീകരിക്കുന്ന പതാകകള്‍, ദേശീയഗാനം, നിറങ്ങള്‍ തുടങ്ങിയവയൊന്നും പാരിസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക വേദികളില്‍ പ്രദർശിപ്പിക്കില്ല.