ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തു. റായ്പൂരിൽ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റിൽ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി (BJP) വൻ വിജയം നേടിയത്. ഇന്ന് രാവിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ റായ്പൂരിലെത്തിയിരുന്നു. ഛത്തീസ്ഗഢിലേക്ക് ബിജെപി കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, സർബാനന്ദ സോനോവാൾ, ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവർ എത്തിയത്. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരെ സംസ്ഥാന തലസ്ഥാനത്ത് കാണുന്നതിനുമായിട്ടാണ് കേന്ദ്ര നിരീക്ഷകർ സംസ്ഥാനത്ത് എത്തിയത്.