ഉപരിപഠനത്തിനായി രാജ്യത്തെത്തുന്ന വിദേശവിദ്യാര്‍ഥികളുടെ ജീവിതചെലവ് ഇരട്ടിയാക്കുന്ന നടപടികളുമായി കാനഡ. 2024 ജനുവരി ഒന്നുമുതല്‍ 20,635 ഡോളറായി അടിസ്ഥാന ജീവിതചെലവ് ഉയര്‍ത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം ഇമിഗ്രേഷന്‍ മന്ത്രി മാർക്ക് മില്ലർ നല്‍കി.
ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്നും നിരവധി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി കാനഡയിലേക്ക് എത്തുന്നത്. ഇവര്‍ക്ക് കഴിഞ്ഞ ഇരുപതുവര്‍ഷത്തോളമായി 10,000 ഡോളര്‍ അഥവാ 6,34,068 രൂപ ആയിരുന്നു അക്കൗണ്ടില്‍ ജീവിതചെലവിനായി കണക്കാക്കിയിരുന്നത്. ഇത് അടുത്ത വര്‍ഷം മുതല്‍ 20,635 ഡോളറായി ഉയര്‍ത്തുകയും ഏകദേശം 12,66,125 രൂപ വിദ്യാര്‍ഥികള്‍ തങ്ങളുടെ അക്കൗണ്ടില്‍ കരുതണമെന്നുമാണ് പുതുക്കിയ നിയമം പറയുന്നത്.
അതേസമയം 12,66,125 രൂപ എന്നത് ട്യൂഷന്‍ ഫീസിനും യാത്രാചെലവിനും പുറമെ കണ്ടെത്തേണ്ട തുകയാണെന്നും ഇമിഗ്രേഷന്‍ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ, ജീവിതചെലവിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും ഇമിഗ്രേഷന്‍ കാനഡ അറിയിച്ചു. പഠനത്തിനായി കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ തീരുമാനം ഇരുട്ടടിയാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.