ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പത്ത് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ ഇന്നലെ നടന്ന ആക്രമണത്തിലാണ് 10 പാലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഗാസ മുനമ്പില്‍ നിരവധി ഹമാസ് അംഗങ്ങള്‍ സൈനികര്‍ക്ക് കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
ഗാസയില്‍ പലയിടത്തും കഴിഞ്ഞ ദിവസം ഇസ്രായേല്‍ സേന ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഹാമാസുമായി ബന്ധപ്പെട്ട 250 ലധികം കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ മേഖലയിലെ ഹമാസ് ഭരണം തകരാന്‍ തുടങ്ങുകയാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഷെജയ്യയിലും ജബലിയയിലുമായി നിരവധി ഹമാസ് അംഗങ്ങള്‍ കീഴടങ്ങി. കീഴടങ്ങിയവര്‍ ആയുധങ്ങള്‍ കൈമാറുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, ഗാസയില്‍ വീണ്ടും വെടിനിര്‍ത്തലിനും, കൂടുതല്‍ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും സാധ്യമാകും വിധം മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതായി ഇന്നലെ ദോഹ ഫോറത്തില്‍ പങ്കെടുത്ത ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ആല്‍ ഥാനി പറഞ്ഞു.
ഇസ്രായേല്‍ ആക്രമണം തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ നല്ലൊരു ഫലത്തിന് വേണ്ടി ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം തുടരുന്നതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ പറഞ്ഞു. എന്നാല്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. രണ്ടു മാസം കൂടി ആക്രമണം തുടരുമെന്നാണ് റിപ്പോര്‍ട്ട്.