Monday, November 25, 2024

ലോകസഭാംഗത്വം റദ്ദാക്കിയ സംഭവം: മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ലോകസഭാംഗത്വം റദ്ദാക്കിയ സംഭവത്തില്‍ തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് മൊയ്ത്ര കോടതിയെ സമീപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു ടി.എം.സി നേതാവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയത്.

പാർലമെന്റ് എത്തിക്സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോർട്ടിന്മേൽ, ലോക്സഭയില്‍ നടന്ന ചർച്ചയ്ക്കുപിന്നാലെ മഹുവായുടെ അംഗത്വം റദ്ദാക്കുകയായിരുന്നു. എന്നാല്‍ പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയും പ്രമേയം ശബ്ദവോട്ടോടെ ലോക്സഭ പാസ്സാക്കുകയും ചെയ്തു. പിന്നാലെയാണ് ലോക്സഭയുടെയും എത്തിക്സ് കമ്മറ്റിയുടെയും നടപടിക്കെതിരെ അവര്‍ കോടതിയെ സമീപിച്ചത്.

പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനുപിന്നാലെ എത്തിക്സ് കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മഹുവ മൊയ്ത്ര രം​ഗത്തെത്തിയിരുന്നു. ‌എത്തിക്സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ പറഞ്ഞു. എം.പി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടശേഷം മാധ്യമപ്രവർത്തകരോടു സംസാരിച്ച മഹുവ, എത്തിക്സ് കമ്മിറ്റിയും അതിന്റെ റിപ്പോർട്ടും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്നും ആരോപിച്ചു.

Latest News