ഇരിട്ടി / തലശ്ശേരി: വന്യമൃഗ ആക്രമണംമൂലം ജനങ്ങൾ കൊല്ലപ്പെടുന്നതിന് സർക്കാരും വനംവകുപ്പും മാത്രമാണ് ഉത്തരവാദികളെന്ന് ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. ദുരിതത്തിലായിരിക്കുന്ന മലയോരകർഷകരുടെ ജീവിതങ്ങൾക്ക് പ്രത്യാശപകരുന്നതാവട്ടെ കത്തോലിക്ക കോൺഗ്രസ്സിന്റെ അതിജീവനയാത്ര എന്നും മാർ ജോസഫ് പാമ്പ്ലാനി ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.
വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക, കാർഷികവിളകൾക്ക് ന്യായവില ഉറപ്പാക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 11 മുതൽ 22 വരെ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ കത്തോലിക്ക കോൺഗ്രസ്സ് സംഘടിപ്പിക്കുന്നത്. കർഷകരോടുള്ള നിരന്തരമായ അവഗണനയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരപീഡനവും നിമിത്തം ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഭരണകൂടങ്ങൾ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും മാർ പാമ്പ്ലാനി ആവശ്യപ്പെട്ടു. കർഷകരെ ആര് സഹായിക്കുന്നോ, അവരുടെ പക്ഷത്ത് സഭയും സമുദായവും അണിനിരക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാതിപത്യമുന്നണി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം നിറവേറ്റിക്കൊണ്ട് റബ്ബറിന് 250 രൂപ നൽകിയാൽമാത്രമേ സർക്കാർ കർഷകർക്കൊപ്പമുണ്ട് എന്ന് പ്രഖ്യാപിക്കുന്നതിൽ അർഥമുള്ളൂ. സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം വന്യമൃഗശല്യത്തിൽ 5000 കോടി രൂപയുടെ വരുമാന നഷ്ടമാണ് പ്രതിവർഷം ഉണ്ടാകുന്നത്.
സർക്കാരിന് എന്തെങ്കിലും ആത്മാർഥതയുണ്ടങ്കിൽ വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ ശ്രമിക്കണമെന്ന് ജാഥാ ക്യാപ്റ്റൻ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ്സ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശ്ശേരി ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, രാജേഷ് ജോൺ, തോമസ് പീടികയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ബെന്നി പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനുമുന്നോടിയായി കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ ജോസ് ആർത്രശ്ശേരിയുടെ കുഴിമാടത്തിൽ പ്രാർഥന നടത്തി. തുടർന്ന് ഇരിട്ടി പട്ടണത്തിൽ നടന്ന ബഹുജനറാലിക്കുശേഷമാണ് പൊതുസമ്മേളനം നടന്നത്.