ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ട പുതിയ മൂന്ന് ക്രിമിനല്‍ നിയമബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്കുപകരമായി കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതബിൽ, ഭാരതീയ നാഗരിക് സുരക്ഷാസംഹിതബിൽ, ഭാരതീയ സാക്ഷ്യബിൽ എന്നിവയാണ് പിൻവലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് നീക്കം.
ഈ വര്‍ഷം ആഗസ്റ്റ് 11 -ന് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടിചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കുപകരമായി മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചത്. ഇത് വിശദമായ വിലയിരുത്തലിനായി പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറുകയും മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്ലുകള്‍ പഠിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതില്‍ ശുപാര്‍ശകള്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ നീക്കംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ബില്ലുകളുടെ പുതിയ രൂപരേഖ തയ്യാറാക്കുമെന്നാണ് വിവരം.