ഇസ്രായേലിനെതിരെ ഭീഷണി മുഴക്കി ഹമാസ് സായുധ വിഭാഗ വക്താവ് അബു ഉബൈദ. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഒരു ബന്ദിയും ജീവനോടെ പ്രദേശം വിടില്ലെന്നാണ് ഹമാസിന്റെ പുതിയ ഭീഷണി. സൈനിക ശക്തിക്കോ നേതൃത്വത്തിനോ അല്ലെങ്കില്‍ പിന്തുണക്കാര്‍ക്കോ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയില്ല.
തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൃത്യമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബന്ദികള്‍ ജീവനോടെ തങ്ങളുടെ പക്കല്‍ നിന്ന് വിട്ടുകിട്ടില്ലെന്ന് അബു ഉബൈദ പറഞ്ഞു. ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച ബന്ദി കൊല്ലപ്പെട്ടത് തെളിവാണെന്നും ഓര്‍മ്മപ്പെടുത്തലാണെന്നും ഹമാസ് വക്താവ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഇസ്രായേല്‍ സൈനിക തലവന്‍ യുഹ യെഗോര്‍ ഹിര്‍ഷ്ബര്‍ഗ് കൊല്ലപ്പെട്ടത് സൂചിപ്പിച്ച് കൊണ്ടായിരുന്നു ഉബൈദയുടെ പരാമര്‍ശം. അതുകൊണ്ട് നെതന്യാഹുവിനും മന്ത്രി ഗാലന്റിനും യുദ്ധമന്ത്രിസഭയ്ക്കും ബന്ദികളെ ചര്‍ച്ചകളിലൂടെ അല്ലാതെ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഹമാസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഗാസയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പാവകുട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. മറ്റൊരു സ്‌കൂളില്‍ നിന്ന് യുഎന്നിന്റെ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയുടെ ലോഗോ ഉള്ള ബാഗില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. സൈന്യം ഇവിടങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.