ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ സൈനിക – അര്‍ധസൈനിക വിഭാഗങ്ങളുടെ നേതാക്കള്‍ വെടിനിര്‍ത്തലിനു സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കിഴക്കൻ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റർ ഗവൺമെന്റൽ അതോറിറ്റി ഓൺ ഡെവലപ്മെന്റിന്റെ (ഇഗാദ്) മധ്യസ്ഥശ്രമങ്ങളെ തുടര്‍ന്നാണ് പുതിയനീക്കം. ഇരുവിഭാഗങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ചനടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
2019 -ല്‍ സൈനിക അട്ടിമറിയിലുടെ സുഡാന് പ്രസിഡന്റ് ഉമർ അൽബഷീറിനെ പുറത്താക്കിയതോടെയാണ് രാജ്യത്ത് അരക്ഷിതാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് 2023 -ല്‍ പാരാമിലിറ്ററി വിഭാഗത്തിന്റെകൂടി നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്റെ നീക്കം ആഭ്യന്തരകലാപത്തിലേക്കു നയിക്കുകയായിരുന്നു. ആഭ്യന്തരകലാപം രൂക്ഷമായതിനുപിന്നാലെ രാജ്യത്തുള്ള വിദേശപൗരന്മാരെയും അന്താരാഷ്ട്രസംഘടനകളുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു.
അതിനിടെ, ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും ഇഗാദ് ശ്രമങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി സൈന്യത്തലവൻ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോട്ടേഴ്സ് ഗ്രൂപ്പ് മേധാവി മുഹമ്മദ് ഹംദാൻ ദഗാലോയും നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഇരുവരും ഫോണിൽ സംസാരിച്ച് വെടിനിർത്തലിന് ധാരണയായതായി ഇഗാദിന്റെ അധ്യക്ഷതവഹിക്കുന്ന ജിബൂട്ടി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അലെക്സിസ് മുഹമ്മദ് അറിയിച്ചു. അതേസമയം, എപ്പോൾ, എവിടെ വച്ചാണ് ഇരു സൈനി തലവന്മാരും നേരിട്ട് ചർച്ചനടത്തുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.