Monday, November 25, 2024

ശബരിമലയില്‍ അനിയന്ത്രിത തീര്‍ത്ഥാടക തിരക്ക്; മലചവിട്ടാതെ ഭക്തര്‍ മടങ്ങുന്നു

ശബരിമലയില്‍ അനിയന്ത്രിത തീര്‍ത്ഥാടക തിരക്ക് കാരണം മലചവിട്ടാതെ പല ഭക്തരും മടങ്ങി. പന്തളത്ത് നെയ്‌ത്തേങ്ങ ഉടച്ചായിരുന്നു മടക്കം. മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകരും മടങ്ങി. പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തിയാണ് തീര്‍ത്ഥാടകര്‍ മാലയൂരി മടങ്ങുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദര്‍ശനം കിട്ടാതെ തിരികെ മടങ്ങുന്നവരില്‍ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തര്‍ മടങ്ങിപ്പോകുന്നത്.

നിലയ്ക്കലിലും പമ്പയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ കെഎസ്ആര്‍ടിസി ബസുകളില്‍ കയറാനും വന്‍ തിരക്കാണ്. അധിക സര്‍വീസ് ആവശ്യം അധികൃതര്‍ പരിഗണിച്ചില്ല. പോലീസ് വിന്യാസം ഫലപ്രദമല്ലെന്നും പരാതിയുണ്ട്. പമ്പയില്‍ നിന്നും പത്ത് മിനിറ്റില്‍ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തി വിടുന്നത്.

പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയില്‍ പിടിച്ചിട്ടിരിക്കുകയാണ്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബസ് ബുക്ക് ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ഭക്തര്‍ പ്രതിഷേധിക്കുന്നുണ്ട്. കൂടാതെ പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാരും ഈ വിഷയത്തില്‍ പ്രതിഷേധിച്ചു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

 

Latest News