Monday, November 25, 2024

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കാനൊരുങ്ങി പമ്പുടമകള്‍; ലഭിക്കാനുള്ളത് ആറ് മാസത്തെ കുടിശ്ശിക

സംസ്ഥാനത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയക്കാന്‍ പോലും പണമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കും ഇന്ധനം നല്‍കിയ വകയില്‍ കഴിഞ്ഞ ആറ് മാസത്തെ കുടിശ്ശികയാണ് പമ്പുടമകള്‍ക്ക് ലഭിക്കാനുള്ളത്. കുടിശ്ശിക ലക്ഷങ്ങളായതോടെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കാനൊരുങ്ങുകയാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ്.

തീരുമാനത്തെ തുടര്‍ന്ന് ജനുവരി 1 മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന നിലപാടിലാണ് പമ്പുടമകള്‍. ഓരോ പമ്പിലും 5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ ലഭിക്കാനുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പറയുന്നു.

പമ്പുടമകളുടെ കുടിശ്ശിക സംബന്ധിച്ച് തീരുമാനം ഉണ്ടായില്ലെങ്കില്‍ ജനുവരി മുതല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രതിസന്ധിയിലാകും. ഇന്ധന ചെലവിനായി വകുപ്പുകള്‍ പണം കണ്ടെത്തേണ്ട അവസ്ഥ സംസ്ഥാനത്ത് സംജാതമാകും. സാധാരണയായി 15 മുതല്‍ 30 ദിവസം വരെയാണ് ഇന്ധനം നിറച്ചതിന്റെ പണം അടയ്ക്കാനുള്ള സൗകര്യമുള്ളത്. എന്നാല്‍ ആറ് മാസം കുടിശ്ശിക വരുത്തുന്നത് പമ്പുടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേ സമയം പൊലീസ് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.

 

Latest News