അതിജീവനത്തിന്റെ ശക്തമായ ആഹ്വാനം നൽകിക്കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് അതിജീവനയാത്രയ്ക്ക് ചെറുപുഴയിൽ നൽകിയ സ്വീകരണസമ്മേളനം തലശ്ശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വന്യമൃഗശല്യംമൂലം കർഷകർക്ക് തങ്ങളുടെ മണ്ണിൽ സ്വസ്ഥമായി ജീവിക്കാൻകഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തകർന്നടിയുന്ന കാർഷികസാഹചര്യങ്ങൾക്ക് മാറ്റംവരുത്താൻ സർക്കാറുകൾക്ക് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വത്തിൽനിന്നും ബോധപൂർവം ഒളിച്ചോടുന്ന സർക്കാർ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. കർഷക അതിജീവനം സാധ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി കത്തോലിക്ക കോൺഗ്രസ്സിനുപിന്നിൽ അണിചേരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. കുറച്ചുകൂടി പ്രക്ഷുബ്ദമായ രാഷ്ട്രീയനിലപാട് സ്വീകരിക്കാനും തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ്സ് തലശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചക്കുന്നേൽ അധ്യക്ഷതവഹിച്ച യോഗത്തിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ്സ് ചെറുപുഴ ഫൊറോന ഡയറക്ടർ ഫാ. തോമസ് പൂവംപുഴ വിഷയാവതരണം നടത്തി. ചെറുപുഴ മേഖലയിലെ വിവിധ നേതാക്കൾ ജാഥ ക്യാപ്റ്റൻ അഡ്വ . ബിജു പറയന്നിലത്തിന് ഹാരാർപ്പണം നടത്തി. കത്തോലിക്ക കോൺഗ്രസ്സ് എക്കാലവും കർഷകർക്കൊപ്പം അചഞ്ചലമായി നിലകൊണ്ടിട്ടുണ്ട് എന്ന് തന്റെ മറുപടിപ്രസംഗത്തിൽ അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
അതിജീവനയാത്രയിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും കൃത്യമായ ഒരു മറുപടിയും പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങളുമുണ്ടാകണം. ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തോടുകൂടെ എല്ലാവരും അണിചേർന്നാൽമാത്രമേ അതിജീവനം സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശ്ശേരി, ബേബി നെട്ടനാനി, ബെന്നി പുതിയാമ്പുറം, ചാക്കോച്ചൻ കാരാമയിൽ, ബിനോയ് തോമസ്, സിബി ജാതികുളം, ഷിജിത്ത് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.