ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഹോളിവുഡ് താരം ഡെന്‍സല്‍ വാഷിംഗ്ടണ്‍ സ്മിത്തിനോട് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലുമായിരുന്നു.
‘നിങ്ങള്‍ അത്യുന്നതങ്ങളിലായിരിക്കുന്ന നിമിഷങ്ങളില്‍ സൂക്ഷിക്കുക, ആ നിമിഷങ്ങളിലാണ് ചെകുത്താന്‍ നിങ്ങളെ തേടിയെത്തുന്നത്’ എന്നാണ് ഡെന്‍സല്‍ വാഷിംഗ്ടണ്‍ വില്‍ സ്മിത്തിനോട് സംഭവത്തിനുശേഷം പറഞ്ഞത്. ഓസ്‌കാര്‍ ചടങ്ങിനിടയിലെ ഇടവേളയിലാണ് അദ്ദേഹം സ്മിത്തിനെ വിളിച്ച് സംസാരിച്ചത്. ഡെന്‍സണ്‍ വാഷിംഗ്ടണ്‍ സ്മിത്തിനോട് പറഞ്ഞ വാക്കുകള്‍ അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലെത്തിയ സ്മിത്ത് ആവര്‍ത്തിക്കുകയായിരുന്നു. സ്മിത്തിന്റെ വികാരനിര്‍ഭരമായ പ്രസംഗത്തിനൊപ്പം വാഷിംഗ്ടണിന്റെ വാക്കുകളും ആളുകള്‍ ഏറ്റെടുത്തു.
ഓസ്‌കാര്‍ രാത്രിയില്‍ വില്‍ സ്മിത്തുമായുള്ള തന്റെ ആശയവിനിമയത്തെക്കുറിച്ചും സ്മിത്ത് ക്രിസ് റോക്കിനെ സ്റ്റേജില്‍ അടിച്ചതിന് ശേഷം സംഭവിച്ചതിനെക്കുറിച്ചും ഡെന്‍സല്‍ വാഷിംഗ്ടണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച, ബിഷപ്പ് ടി.ഡി.ജെയ്ക്സിന്റെ നേതൃത്വ ഉച്ചകോടിയില്‍ വാഷിംഗ്ടണ്‍ അതിഥിയും പ്രസംഗകനുമായെത്തിയപ്പോഴാണ് ഓസ്‌കാര്‍ രാവില്‍ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം പരസ്യ വെളിപ്പെടുത്തല്‍ നടത്തിയത്.
‘ഒരു പഴഞ്ചൊല്ലുണ്ട്, പിശാച് നിങ്ങളെ അവഗണിക്കുമ്പോള്‍ നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം..നേരെമറിച്ച്, പിശാച് നിങ്ങളുടെ നേരെ വരുമ്പോള്‍, നിങ്ങള്‍ എന്തെങ്കിലും ശരിയായി ചെയ്യാന്‍ ശ്രമിക്കുന്നത് കൊണ്ടാകാം അത്. എന്ത് കാരണത്താലായാലും, ആ രാത്രി പിശാച് ആ സാഹചര്യത്തെ പിടികൂടിയിരുന്നു. അതുകൊണ്ടാണ് സ്മിത്തിന്റെ ഏറ്റവും ഉയര്‍ന്ന നിമിഷത്തില്‍ പിശാച് അദ്ദേഹത്തെ തേടിയെത്തിയത്..അതാണ് ഇടവേളയില്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതും…അദ്ദേഹം അത് മനസിലാക്കുകയും ചെയ്തു’. വാഷിംഗ്ടണ്‍ പറഞ്ഞു.
‘പക്ഷേ സംഭവത്തെക്കുറിച്ച് അപലപിക്കാന്‍ ഞാന്‍ ആരാണ്..വാഷിംഗ്ടണ്‍ ചോദിച്ചു. സാഹചര്യത്തിന്റെ എല്ലാ വശങ്ങളും എനിക്കറിയില്ല..പക്ഷേ ഒരേയൊരു പരിഹാരം പ്രാര്‍ത്ഥന മാത്രമാണെന്ന് എനിക്കറിയാം’. അദ്ദേഹം പറഞ്ഞു.