Monday, November 25, 2024

ലക്ഷദ്വീപില്‍ മലയാളം സിലബസ് മാറ്റാന്‍ നിര്‍ദേശം

സ്‌കൂളുകളില്‍ മലയാളം മീഡിയം ഒഴിവാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസിലേക്ക് മാറാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌ക്കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിന്റെ എസ്‌സിആര്‍ടി സിലബസ് പഠിപ്പിക്കുന്ന ലക്ഷദ്വീപിലെ സ്‌കൂളുകള്‍ക്കാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്‌സിഇആര്‍ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാനാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ നിര്‍ദേശം. സിബിഎസ്ഇ സിലബസ് പ്രകാരമായിരിക്കും ഇനിമുതല്‍ ഒന്നാം ക്ലാസ് പ്രവേശനം. എസ്‌സിഇആര്‍ടി കേരള മലയാളം മീഡിയം ക്ലാസുകള്‍ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും. എന്നാല്‍ മലയാളം ഐച്ഛിക വിഷയമായി പഠിക്കാം.

ഇതോടെ അറബി ഭാഷ പഠിക്കാന്‍ അവസരമുണ്ടാകില്ല. നിലവിലെ രണ്ട് മുതല്‍ എട്ട് വരെ ക്ലാസിലെ കുട്ടികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ ഇത് ബാധകമാകും. നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാമെന്നും ഉത്തരവിലുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുകയുമാണ് പുതിയ തീരുമാനത്തിനു പിന്നിലെ ലക്ഷ്യമെന്നുമാണ് ഉത്തരവിലെ വിശദീകരണം. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ഇതിനകംതന്നെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

 

Latest News