Monday, November 25, 2024

ഉക്രൈന്റെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള അംഗത്വചര്‍ച്ചകള്‍ക്ക് അംഗീകാരം

യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഉക്രൈന്റെ അംഗത്വചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് അംഗീകാരം. വ്യാഴാഴ്ച നടന്ന, 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് തീരുമാനം പ്രഖ്യാപിച്ചത്. റൊമാനിയന്‍ റിപ്പബ്ലിക്കായ മോൾഡോവയുടെയും അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാനും ഇ.യു സംഘം സമ്മതിച്ചു.

ഹംഗറിയുടെ എതിര്‍പ്പിനെതുടര്‍ന്നായിരുന്നു യൂറോപ്യന്‍ രാജ്യമായ ഉക്രൈനുമായുള്ള ഇ.യു. അംഗത്വചര്‍ച്ചകള്‍ തടസ്സപ്പെട്ടത്. നാലാഴ്ച മുന്‍പ് കൈവിന്റെ ഇ.യു പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടോര്‍ ഒര്‍ബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ ആ തീരുമാനം തെറ്റായിപ്പോയി എന്ന് വ്യാഴാഴ്ച അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഉക്രൈന്റെ അംഗത്വചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇ.യു തയ്യാറായത്.

അതേസമയം, അംഗത്വചര്‍ച്ചകളുമായി ബന്ധപ്പെട്ട കരാര്‍ പാസ്സാക്കുന്നതില്‍നിന്നും വിക്ടോര്‍ ഒര്‍ബാന്‍ വിട്ടുനിന്നതായും അദ്ദേഹത്തെ പ്രതിനിധീകരിച്ച് മറ്റൊരു ഉദ്യോഗസ്ഥനാണ് വോട്ടുചെയ്തതെന്നും അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇ.യുവിലേക്കുള്ള ഉക്രൈന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിക്കുന്ന കരാര്‍ അംഗീകരിച്ച വിവരം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പങ്കുവച്ചത്. ‘ഉക്രൈൻ ജനതയുടെയും നമ്മുടെ ഭൂഖണ്ഡത്തിന്റെ പ്രത്യാശയുടെയും സൂചനയാണ് കരാര്‍ അംഗീകരിച്ചത്’ എന്നായിരുന്നു പോസ്റ്റ്. ഇത് തന്ത്രപരമായ ഒരു തീരുമാനവും യൂണിയന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ദിനവുമാണെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ ചീഫ് ഊര്‍സുല വോണ്‍ ഡെയറിന്റെ പ്രതികരണം.

Latest News