കെഎസ്ആര്‍ടിസി എന്ന പേരിനെ സംബന്ധിച്ച് നിരവധി വര്‍ഷങ്ങളായി കേരളവും കര്‍ണാടകയും തമ്മില്‍ കോടതി വ്യവഹാരങ്ങള്‍ നടന്നുവരികയാണ്. തങ്ങളാണ് ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമെന്നും അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസി എന്ന പേര് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കര്‍ണാടക വാദിക്കുമ്പോള്‍ കര്‍ണാടകയെക്കാള്‍ എത്രയോ വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് കേരളത്തിന്റെ പൊതുഗതാഗത സംവിധാനമെന്നാണ് കേരളത്തിന്റെ വാദം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ കണ്ണൂര്‍ ഡീലക്‌സ് എന്ന പ്രേം നസീര്‍ ചിത്രത്തില്‍ കെഎസ്ആര്‍ടിസി ഇടം പിടിച്ചതും തുടര്‍ന്ന് കോടതി ഇടപെട്ട് ആ പേര് കേരളത്തിനാണെന്ന് വ്യക്തമാക്കിയതും ഏറെ വാര്‍ത്താപ്രാധാനം നേടിയ സംഭവങ്ങളാണ്. എന്നാല്‍ കര്‍ണാടക വീണ്ടും കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിച്ച് സര്‍വീസ് നടത്തുകയായിരുന്നു.
കര്‍ണാടകയുടെ നടപടിക്കെതിരെ കേരളം കോടതിയില്‍ സമര്‍പ്പിച്ച കേസിനാണ് ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തില്‍ ഒടുവില്‍ തീര്‍പ്പെത്തുമ്പോള്‍ അതിന്റെ നേട്ടം പക്ഷേ കര്‍ണാടകക്കാണെന്നു മാത്രം. ‘കെഎസ്ആര്‍ടിസി’ എന്ന പേര് ഇനിമുതല്‍ കര്‍ണാടകയ്ക്ക് ഉപയോഗിക്കാം. കര്‍ണാടക ഈ പേര് ഉപയോഗിക്കുന്നതിനെതിരെ കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.
കെഎസ്ആര്‍ടിസി എന്ന പേര് തങ്ങള്‍ക്ക് മാത്രമാണെന്ന് അവകാശപ്പെട്ടാണ് കേരളം രംഗത്തെത്തിയത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രി തങ്ങള്‍ക്കും മാത്രമാണു കെഎസ്ആര്‍ടിസി എന്നു ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കേരളം കോടതിയില്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. കര്‍ണാടകത്തിനെതിരെ കേരളത്തിന്റെ കെഎസ്ആര്‍ടിസി നിയമ പോരാട്ടം ആരംഭിക്കുന്നത് അങ്ങനെയാണ്.