Sunday, November 24, 2024

പാലിന്റെ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമോ?

ഡോ. ജോജോ വി. ജോസഫ്‌

സ്ഥിരമായി പാല്‍ കുടിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമോ? കാന്‍സര്‍ രോഗികള്‍ പാല്‍ വര്‍ജിക്കണോ? പാലുകുടിച്ചാല്‍ ലീക്കി ഗട്ട് ഉണ്ടാകുമോ? ഡോ. ജോജോ ജോസഫ് എഴുതുന്നു.

അടുത്തിടെയായി പലരുടെയും സംശയങ്ങള്‍ ഇപ്രകാരം പാലിനെയും കാന്‍സര്‍ രോഗത്തെയും ബന്ധപ്പെടുത്തിയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന പല ദൃശ്യങ്ങളും നിര്‍ദേശങ്ങളുമൊക്കെയാണ് സാധാരണക്കാരില്‍ പാലിനെ ഒരു ഭീകരവസ്തുവാക്കി മാറ്റുന്നത്. സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തന്റെ അനുഭവങ്ങളുടെയും വൈദ്യശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ നമ്മോട് പങ്കുവയ്ക്കുകയാണ് ഓങ്കോളജി സര്‍ജനായ ഡോ. ജോജോ വി. ജോസഫ്.

അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളാണ്, ഈ വിഷയം സമൂഹത്തില്‍ പലര്‍ക്കും വളരെയധികം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കാരണമായത്. അവ ഒന്ന് ചുരുക്കിയെഴുതാം.

രണ്ടുമാസങ്ങള്‍ക്കു മുമ്പ് എം.ബി.ബി.എസ് പാസ്സായ കുട്ടികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പങ്കെടുത്തപ്പോഴുണ്ടായ സംഭവമാണ് ഒന്നാമത്തേത്. ചടങ്ങ് തുടങ്ങുന്നതിനുമുന്നേ ഒരു കോഫി കുടിക്കാം എന്ന് അവര്‍ പറഞ്ഞു. ശരി, എന്നാല്‍ ബുദ്ധിമുട്ട് ആകില്ലെങ്കില്‍ എനിക്ക് ഒരു ബ്ലാക്ക് കോഫി മതി എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവിടെയുള്ള ഒരു പ്രമുഖവ്യക്തി ഒരു കമന്റ് പറഞ്ഞു – ‘അല്ലെങ്കിലും നിങ്ങള്‍ കാന്‍സര്‍ ചികിത്സകര്‍ പാല് കുടിക്കാറില്ലല്ലോ. പാല്‍ ഒരു വെളുത്ത വിഷമാണ്. സ്ഥിരമായി പാലുകുടിച്ചാല്‍ കാന്‍സര്‍ വരും എന്നാണല്ലോ അല്ലേ?’ ‘വൈകുന്നേരം ബ്ലാക്ക് കോഫി കുടിക്കുന്ന ശീലമുണ്ട്; അതുകൊണ്ടാണ്’ എന്ന് ഞാന്‍ മറുപടി നല്‍കി.

ഫംഗ്ഷന്‍ കഴിഞ്ഞ് പോകാന്‍നേരം അദ്ദേഹം ഒരു വീഡിയോ ക്ലിപ്പ് എനിക്ക് ഷെയര്‍ ചെയ്തു. ആ ദൃശ്യത്തില്‍, സ്ഥിരമായി പാലുകുടിച്ചാല്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുമെന്നും അതിനാല്‍ ആരും പാല് കുടിക്കരുത്, പാലില്‍ അടങ്ങിയിരിക്കുന്ന ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍ (കഏഎ) കാന്‍സറിനു കാരണമാകുന്നു എന്നൊക്കെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. പാലിനെ ഒരു ‘വെളുത്തവിഷം’ ആയി മുദ്രകുത്തിക്കൊണ്ടാണ് ആ ദൃശ്യങ്ങള്‍ അവസാനിക്കുന്നതും. അന്നുതന്നെ ഈ വസ്തുതകള്‍ക്കുപിന്നിലെ യാഥാര്‍ഥ്യം ഒരു വോയ്‌സ് ക്ലിപ്പ് ആയി അദ്ദേഹത്തിന് അയച്ചുകൊടുത്തു.

രണ്ടാമത്തെ സംഭവം എന്നുപറയുന്നത് ഒരു രോഗിയുമായി ബന്ധപ്പെട്ടതാണ്. രേവതി എന്ന ഒരു 65 -കാരിയാണ് കുഴപ്പിക്കുന്ന ആ ചോദ്യവുമായി എന്റെയടുത്തു വന്നത്. കാന്‍സര്‍ബാധിതയായ ആ സ്ത്രീയുടെ വന്‍കുടലിന്റെ ഒരു ഭാഗം സര്‍ജറി ചെയ്ത് മാറ്റിയിരുന്നു. ആദ്യഘട്ടമായിരുന്നതിനാല്‍ മറ്റു ചികിത്സകളൊന്നും വേണ്ടിവന്നില്ല. സാധാരണ ഇതുപോലുള്ള രോഗികള്‍ക്ക് ഒരു ഡയറ്റ് ചാര്‍ട്ട് കൊടുത്തുവിടാറുണ്ട്. ആ ചാര്‍ട്ട് പേപ്പര്‍ എടുത്ത് അതിലെ കാര്യങ്ങള്‍ ഒന്ന് വിശദീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രേവതിചേച്ചിക്ക് ഡോക്ടര്‍ പറഞ്ഞാല്‍ വിശ്വാസംവരും; അതാണ് കാര്യം. മറ്റു ആശുപത്രി ജീവനക്കാര്‍ പറഞ്ഞതുപോലെ ചെയ്‌തോളൂ എന്ന് പറഞ്ഞിട്ടും ചേച്ചി കൂട്ടാക്കിയില്ല. എന്തായാലും എനിക്കൊരു സംശയമുണ്ട്; അത് ഡോക്ടര്‍ വിശദീകരിച്ചുതരണം – ഇതാണ് രേവതിച്ചേച്ചി ആവശ്യപ്പെട്ടത്. ചേച്ചിയുടെ സംശയനിവാരണം നടത്താന്‍ ഞാന്‍ തയ്യാറായി.

‘ആശുപത്രിയില്‍നിന്നു നല്‍കിയ ഡയറ്റ് പ്ലാനില്‍, ദിവസം രണ്ടുതവണ പാല് കുടിക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് കുഴപ്പമാകില്ലേ. കാന്‍സര്‍ രോഗികള്‍ പാല് കുടിക്കരുതെന്നല്ലേ പറയുന്നത്. മാത്രമല്ല എനിക്ക് കുടലില്‍ ശാസ്ത്രക്രിയ കഴിഞ്ഞതല്ലേ. രണ്ടുപ്രാവശ്യം പാല് കുടിക്കുമ്പോള്‍ എനിക്ക് ലീക്കീ ഗട്ട് ഉണ്ടാവില്ലേ.’ ചേച്ചിയുടെ സംശയംകേട്ട് എനിക്ക് ചിരിയാണ് വന്നതെങ്കിലും ഞാന്‍ പുറമെ കാണിച്ചില്ല. ‘ആരാണ് ഇത് പറഞ്ഞത് എന്ന ചോദ്യത്തിന്, ഒരു നാച്ചുറോപ്പതി വിദഗ്ധന്‍ – ലൈഫ് സ്‌റ്റൈല്‍ ഫിസിഷ്യന്‍ എന്നൊക്കെ പറയുന്ന ഒരു യൂട്യൂബറുടെ വീഡിയോ ചേച്ചി എന്നെ കാണിച്ചു. ഈ ലൈവ് സ്‌റ്റൈല്‍ ഫിസിഷ്യന്‍ പറയുന്നത്, പാല് കുടിക്കുന്നത് മദ്യം കഴിക്കുന്നതിനുതുല്യമാണ് എന്ന മട്ടിലാണ്.

സാധാരണ ഇതുപോലെയുള്ള യൂട്യൂബര്‍മാര്‍, തങ്ങളോടുള്ള വിശ്വാസ്യത കൂട്ടാന്‍ കടിച്ചാല്‍പൊട്ടാത്ത രണ്ടുപദങ്ങളും പ്രഭാഷണത്തില്‍ പറഞ്ഞുവയ്ക്കും. ഈ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്, ‘ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍’ എന്ന വാക്കാണ്. അത് പാലിലുണ്ട്. പശുവിന് പാല്‍ കൂട്ടാന്‍ ഇതാണ് കൊടുക്കുന്നത്. ഇത് അകത്തുചെന്നാല്‍ കുടല്‍ ലീക്ക് ഉണ്ടാകും എന്നൊക്കെയാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇതുപോലെയുള്ള തട്ടിപ്പ് വീഡിയോ കണ്ട് ജീവിതം നശിപ്പിക്കരുതെന്ന് അല്പം ശാസനാരൂപത്തില്‍ അവരോട് പറഞ്ഞതിനുശേഷം കാര്യങ്ങള്‍ അല്പം വിശദമായിതന്നെ ഞാന്‍ പറഞ്ഞുകൊടുത്തു.

അറിയണം സത്യാവസ്ഥ

ഈ അബദ്ധപ്രചരണത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കില്‍ ആദ്യം ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍ എന്താണെന്നു മനസ്സിലാക്കണം.

എന്താണ് ഈ ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍? നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിലാക്കുന്ന ഒരു ഹോര്‍മോണാണ് ഇന്‍സുലിന്‍. ഏതാണ്ട് 51 അമിനോ ആസിഡ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു പ്രോട്ടീനാണ് ഇത്. ഏതാണ്ട് ഇതേ രീതിയില്‍ സ്ട്രക്ചറുള്ള 71 അമിനോ ആസിഡുകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു പ്രോട്ടീനാണ് ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍. ഇന്‍സുലിനുമായുള്ള സ്ട്രക്ച്ചറല്‍ സാമ്യമുള്ളതിനാലാണ് ഇതിനെ ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍ (കഏഎ) എന്നുവിളിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണാണ്. ഇതിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കും.

ഇത് ഒരു പ്രോട്ടീന്‍ മോളിക്യൂളാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. കുറച്ചുകൂടി ശാസ്ത്രീയമായി പറഞ്ഞാല്‍, ഇതിനെ ഒരു പോളിപെപ്‌ടൈഡ് എന്നാണ് വിളിക്കേണ്ടത്. വിവിധ അമിനോ ആസിഡുകള്‍ ഒരു പെപ്‌ടൈഡ് ബോണ്ട് വഴി കൂടിച്ചേര്‍ന്നാണ് പ്രോട്ടീന്‍ ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, രണ്ട് അമിനോ ആസിഡ് ആണെങ്കില്‍ ഡൈപെപ്‌ടൈഡ് എന്നും മൂന്നാകുമ്പോള്‍ ട്രൈപെപ്‌ടൈഡ് എന്നും അതില്‍ കൂടുതലാകുമ്പോള്‍ പോളിപെപ്‌ടൈഡ് എന്നും വിളിക്കുന്നു. ഈ പെപ്‌ടൈഡ് ബോണ്ട് നൂറില്‍ കൂടുതലാകുമ്പോളാണ് അതിനെ പ്രോട്ടീന്‍ എന്നു വിളിക്കുക. ഒരു പ്രോട്ടീന്‍ ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന്റെ മുഴുവന്‍ സ്ട്രക്ചറും കൃത്യമായിരിക്കണം എന്നതും പ്രത്യേകം ഓര്‍ക്കണം.

ഇനി മനസ്സിലാക്കേണ്ടത്, പ്രോട്ടീന്‍ വായിലൂടെ അകത്തേക്കുചെന്നാല്‍ എന്താണ് സംഭവിക്കുക എന്നാണ്. ഭക്ഷണമായോ, മരുന്നായോ ഒരു പ്രോട്ടീന്‍ വായിലൂടെ ആദ്യം എത്തുന്നത് ആമാശയത്തിലേക്കാണ്. അവിടെവച്ച് ആസിഡിന്റെ സഹായത്തോടെ പെപ്‌സിന്‍, പ്രോടീസെസ് എന്നീ രാസാഗ്‌നികള്‍, നമ്മള്‍ കഴിച്ച പ്രോട്ടീനെ വിവിധ പെപ്‌ടൈഡുകള്‍ ആയി വിഘടിപ്പിക്കുന്നു. അതോടെ നമ്മള്‍ കഴിച്ച പ്രോട്ടീന്‍ അവിടെവച്ച് അതല്ലാതാകുന്നു. അതിനുശേഷം ചെറുകുടലില്‍വച്ച് വിവിധ അമിനോ ആസിഡുകളായി വിഘടിക്കപ്പെടുന്ന അവ കുടലില്‍നിന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ചെറിയൊരു ഭാഗം, അതായത് പേരിനുമാത്രം ചെറിയ പെപ്‌ടൈഡുകളായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാറുമുണ്ട്. അതായത് ഏതു പ്രോട്ടീന്‍ കഴിച്ചാലും അത് ശരീരത്തിനുള്ളില്‍ എത്തുക അമിനോ ആസിഡുകളോ, ചെറിയ പെപ്‌ടൈഡുകളോ ആയിട്ടാണ്.

ഞാന്‍ നേരത്തെ പ്രതിപാദിച്ച കാര്യത്തിലേക്ക് വീണ്ടും പോകാം. അതായത് നമ്മള്‍ കുടിക്കുന്ന പാലിലുള്ള ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍ (കഏഎ) ഒരു പ്രോട്ടീനാണ്. അപ്പോള്‍ ഒരു പ്രോട്ടീന്‍ ഹോര്‍മോണ്‍ ആയ കഏഎ വായിലൂടെ കഴിച്ചാല്‍ ശരീരത്തിനുള്ളില്‍ എത്താനുള്ള സാധ്യതയില്ല എന്ന് ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാം. കാരണം അത് ആമാശയത്തിലൂടെയും ചെറുകുടലിലൂടെയും കടന്നുപോകുമ്പോള്‍ പൂര്‍ണ്ണമായും ദഹിച്ചുപോകും. ഇതേ കാരണംകൊണ്ടാണ് ഇന്‍സുലിന്‍ ഗുളികരൂപത്തില്‍ നല്‍കാന്‍ സാധിക്കാത്തതും.

ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടര്‍

ഇനി ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടറിനെക്കുറിച്ച് ഒരു കാര്യംകൂടി. ഇത് കൊടുത്താല്‍ പശുക്കളില്‍ പാലുല്പാദനം വര്‍ധിക്കുന്നില്ല. പാലുത്പാദനം കൂട്ടാന്‍ കൊടുക്കുന്നത് ആട7 എന്നറിയപ്പെടുന്ന പശുവളര്‍ച്ച ഹോര്‍മോണ്‍ ആണ്. അത് പാലിലെ കഏഎ കൂട്ടുന്നുമില്ല. നമ്മള്‍ കുടിക്കുന്ന പാലിലെ കഏഎ ലെവല്‍ വളരെ കുറഞ്ഞ അളവിലേ കാണപ്പെടുന്നുള്ളൂ. നമ്മള്‍ കഴിക്കുന്ന മാംസ ഉല്പന്നങ്ങളില്‍ ഇതില്‍ കൂടുതല്‍ കഏഎ അടങ്ങിയിട്ടുണ്ട് എന്നതുംകൂടി ഞാന്‍ ഇവിടെ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ഏതെങ്കിലും പഠനങ്ങള്‍ പാലുകുടിച്ചാല്‍ ക്യാന്‍സര്‍ സാധ്യത കൂടുമെന്ന് പറഞ്ഞിട്ടുണ്ടോ?

‘ഏതെങ്കിലും പഠനങ്ങള്‍ പാലുകുടിച്ചാല്‍ ക്യാന്‍സര്‍ സാധ്യത കൂടുമെന്ന് പറഞ്ഞിട്ടുണ്ടോ’ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. 2020 -ല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് എപ്പിടെമിയോളജിയില്‍ പാലുല്പന്നങ്ങളുടെ ഉപയോഗം ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നു പറഞ്ഞ് ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വിവരം കൂടുതല്‍ ആളുകളിലേക്കും എത്തിച്ചേര്‍ന്നു. എന്നാല്‍ അത് വെറും ഒബ്‌സര്‍വേഷണല്‍ സ്റ്റഡി ആയിരുന്നു. ഒബ്‌സര്‍വേഷണല്‍ സ്റ്റഡിയിലൂടെ ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയില്ല. കൂടാതെ, പ്രത്യേക ഭക്ഷണശൈലികള്‍, ജീവിതശൈലികള്‍ ഒക്കെയുള്ള സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് എന്ന ഒരു പ്രത്യേക ഗ്രൂപ്പില്‍ നടത്തിയ പഠനങ്ങളുമായിരുന്നു അവ. ശാസ്ത്രീയമായ ഘടകങ്ങളൊന്നുംതന്നെ പരിഗണിക്കാതെയുള്ള ഈ ടൈപ്പ് പഠനങ്ങള്‍ക്ക് ശാസ്ത്രലോകം ഒരുവിലയും കല്പിക്കുന്നില്ല. ഇത് യൂട്യൂബര്‍മാര്‍ക്ക് അവരുടെ റീച്ച് കൂട്ടാന്‍ ഉപയോഗിക്കാം എന്നുമാത്രമേയുള്ളൂ.

എന്നാല്‍ വേള്‍ഡ് കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ കൃത്യമായ പഠനങ്ങള്‍ പുറത്തുവിടുന്നുണ്ട്. മെറ്റ അനാലിസിസ് വഴി വേള്‍ഡ് കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ കണ്ടെത്തിയത്, പാലുകുടിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും എന്നാണ്. അതുപോലെ പാലുകുടിക്കുന്നത് ഏതെങ്കിലും കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നില്ല എന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ (2023) അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ച് ഇത് ശരിവയ്ക്കുകയുമുണ്ടായി.

പാലിന്റെ ഉപയോഗം ആരോഗ്യം വര്‍ധിപ്പിക്കും

ഇത്രയും വിശദമായി ഇത് എഴുതാന്‍ കാരണം, പാല്‍ കുടിക്കുന്നത് ഒരുരീതിയിലും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നില്ല എന്നും ചില കാന്‍സര്‍ വരുന്നതില്‍നിന്ന് രക്ഷപെടാന്‍ നമ്മെ സഹായിക്കുമെന്നും മനസ്സിലാക്കിത്തരാനാണ്.

ഇനി കാന്‍സര്‍ രോഗം വന്നവരോട് പറയാനുള്ളത്, കാന്‍സര്‍ ചികിത്സയ്ക്കുശേഷം പലപ്പോഴും എല്ലുകളുടെ ബലം കുറയാനും അതിലൂടെ ഒടിവിനും മറ്റും സാധ്യത കൂട്ടുകയും ചെയ്യാറുണ്ട്. സ്ഥിരമായി പാലുകുടിക്കുകയും അതിനോടൊപ്പംതന്നെ വ്യായാമംകൂടി ചെയ്യുകയാണെങ്കില്‍ ഇതൊക്കെ തരണംചെയ്യാന്‍ സാധിക്കും. നമ്മുടെ പല്ലിനും എല്ലിനും ബലംവയ്ക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ കുടലിലെത്തുമ്പോള്‍ നമ്മുടെ ഗട്ട് ഹെല്‍ത്ത് നന്നാവാനും പാല് ഉപയോഗിക്കുന്നത് സഹായിക്കും. അല്ലാതെ യൂട്യൂബര്‍ പറയുന്നതുപോലെ ഗട്ട് ലീക്ക് ഉണ്ടാക്കുകയല്ല പാലിന്റെ ജോലി.

പാലിന്റെ ഉപയോഗം ഗുണംചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുപറയുമ്പോഴും ലാക്ടോസ് ഇന്റോള്‍റന്‍സ് എന്ന അവസ്ഥയുള്ളവര്‍ പാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാല്‍ ഒരു ഉത്തമ പോഷകാഹാരമാണ്. ലൈഫ് സ്‌റ്റൈല്‍ ഫിസിഷ്യന്‍ ചമഞ്ഞുനടക്കുന്നവരുടെ പ്രഭാഷണങ്ങളില്‍വീണ് ആരോഗ്യം നശിപ്പിക്കാതിരിക്കുക എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഡോ. ജോജോ ജോസഫ് തന്റെ വിശദീകരണം അവസാനിപ്പിക്കുന്നത്.

 

Latest News