Sunday, November 24, 2024

28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് ഡീപോര്‍ട്ട് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍

28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് വെള്ളിയാഴ്ച ലോക് സഭയില്‍ ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കന്‍ അധികൃതരെ നിരന്തരം ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.

ലോക് സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കണക്കുകള്‍ വിശദീകരിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകള്‍ പ്രകാരം 2023ല്‍ ആകെ 28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്. അമേരിക്കന്‍ അധികൃതരുമായി ആശങ്കകള്‍ അറിയിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനൊപ്പം സാധുതയുള്ള സ്റ്റുഡന്റ് വിസയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് നീതിപൂര്‍വമായ പരിഗണന കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മറുപടിയില്‍ അറിയിച്ചു.

വ്യാജ ലെറ്ററുകള്‍ സമര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിദ്യാര്‍ത്ഥികള്‍ പലപ്പോഴും തട്ടിപ്പുകാരായ ഏജന്റുമാര്‍ വഴി എത്തുന്നവരാണെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News