ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ബന്ദികളെ മോചിപ്പിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമായെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നടക്കുന്ന യുദ്ധം വിജയം വരെയും തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഗസ്സയെ പൂര്‍ണമായും നിരായുധീകരിച്ച് ഇസ്രായേലിന്റെ സുരക്ഷക്ക് കീഴില്‍ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് ഇസ്രായേലിന് മേല്‍ കടുത്ത സമ്മര്‍ദം ഉയരുന്നതിനിടെയാണ് നെത്യനാഹുവിന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം മൂന്ന് ബന്ദികളെ ഇസ്രായേല്‍സേന അബദ്ധത്തില്‍ വെടിവെച്ച് കൊന്നത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ദിമോചനത്തിനായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേസമയം, ഇസ്രായേല്‍ യുദ്ധം നിര്‍ത്താതെ ബന്ദികളെ മോചിപ്പിക്കാനില്ലെന്നാണ് ഹമാസ് നിലപാട്.
ഗസ്സയില്‍ വെടിനിര്‍ത്തലിനും ദീര്‍ഘകാല സമാധാനം സ്ഥാപിക്കാനുമായി ചര്‍ച്ച നടക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബര്‍നീ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി നോര്‍വേ തലസ്ഥാനമായ ഓസ്ലോയിലാണ് കൂടിക്കാഴ്ച നടത്തിയത്.