എഐ സഹായത്തോടെ പ്രധാനമന്ത്രിയുടെ തല്‍സമയ ‘തമിഴ് പ്രസംഗം’. കാശി തമിഴ് സംഗമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം എഐ സഹായത്തോടെ തല്‍സമയം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ എല്ലാവരും വെറും അതിഥികള്‍ എന്നതിലുപരി കുടുംബത്തിലെ അംഗങ്ങളായാണ് ഇവിടെ വന്നിരിക്കുന്നത്. കാശി തമിഴ് സംഗമത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെയും കാശിയിലെയും ജനങ്ങളുടെ ഹൃദയങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. നിങ്ങള്‍ മടങ്ങുമ്പോള്‍ കാശിയുടെ സംസ്കാരവും രുചിയും ഓര്‍മ്മകളും നിങ്ങളോടൊപ്പം കൊണ്ടുപോകണമെന്നും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തെ സംഗമം ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംഗമത്തോട് അനുബന്ധിച്ച് മതമേലധ്യക്ഷന്മാരും, കലാകാരന്മാരും മുതല്‍ വിദ്യാര്‍ഥികള്‍ വരെയുള്ള ഏകദേശം 1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയില്‍ തങ്ങുന്നുണ്ട്. പരിപാടിയ്ക്ക് ശേഷം ഇവര്‍ പ്രയാഗ്രാജും അയോധ്യയും സന്ദര്‍ശിക്കും.