ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗസ്സയിലെ ഈ തുരങ്കം. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അത്രയും വലുപ്പമുള്ള തുരങ്കമാണിത്. റെയിലുകള്‍, വൈദ്യുതി, ഡ്രെയിനേജ് എന്നിവ ഉള്‍പ്പെടുന്നതാണ് തുരങ്കം.
നാല് കിലോമീറ്ററില്‍ അധികം നീണ്ടുകിടക്കുന്ന തുരങ്കത്തിന്റെ കവാടം ഈറസ് ക്രോസില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ്. ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ പറഞ്ഞു.