Monday, November 25, 2024

സന്നിധാനത്ത് ഉടന്‍ സൗജന്യ വൈഫൈ; ബിഎസ്എന്‍എലുമായി കൈകോര്‍ത്ത് ദേവസ്വംബോര്‍ഡ്

മണ്ഡലകാലത്തോടനുബന്ധിച്ച് സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ബിഎസ്എന്‍എലുമായി സഹകരിച്ചാകും സേവനം ഭക്തരിലെത്തിക്കുക.

ഭക്തര്‍ക്ക് പരമാവധി അരമണിക്കൂര്‍ സൗജന്യ വൈഫൈ ഇതിലൂടെ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നെറ്റ്വര്‍ക്ക് പ്രതിസന്ധി മൂലം മിക്ക സാഹചര്യങ്ങളിലും ഭക്തര്‍ക്ക് വീട്ടിലേക്ക് ബന്ധപ്പെടാന്‍ സാധിക്കാറില്ല. ഇതിനൊരു പരിഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡ് ബിഎസ്എന്‍എലുമായി സഹകരിച്ച് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ നടപ്പന്തല്‍, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗങ്ങള്‍, മാളികപ്പുറത്തുള്ള അപ്പം-അരവണ കൗണ്ടറുകള്‍, മരാമത്ത് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വൈഫൈ ലഭ്യമാകും.

പ്രാഥമിക ഘട്ടത്തില്‍ 15 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളാകും ഉണ്ടാകുക. നിലവില്‍ പമ്പ എക്‌സ്‌ചേഞ്ച് മുതല്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം എന്നിവിടങ്ങളില്‍ സന്നിധാനത്തേക്ക് ഒപ്്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ വൈഫൈ പദ്ധതിയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.

 

Latest News