2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യയും വേദിയാകണമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫിന്റെ പ്രസിഡന്റ് കല്യാണ്‍ ചൗബേ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. 2034ലെ ലോകകപ്പിന് സൗദി അറേബ്യയാണ് വേദി. 48 ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കും. ആകെ 104 മത്സരങ്ങളാണ് ലോകകപ്പിലുള്ളത്. ഇതില്‍ 10 എണ്ണമെങ്കിലും ഇന്ത്യയില്‍ നടത്താന്‍ കഴിയുമെന്ന് കല്യാണ്‍ ചൗബേ വ്യക്തമാക്കി.
2034ലെ ലോകകപ്പ് ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് അനുവദിക്കണമെന്നായിരുന്നു ഫിഫയുടെ നിലപാട്. സൗദി അറേബ്യയും ഓസ്‌ട്രേലിയയും ലോകകപ്പ് വേദിയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ഓസ്‌ട്രേലിയ പിന്മാറി. ഇതോടെ സൗദി അറേബ്യയ്ക്ക് 2034 ലോകകപ്പ് വേദിയൊരുക്കാന്‍ അവസരം ലഭിച്ചു.
2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പിനും സൗദി അറേബ്യയാണ് വേദി. ഇന്ത്യ പിന്മാറിയതോടെയാണ് 2027ലെ ഏഷ്യന്‍ കപ്പിന് സൗദി വേദിയാകുന്നത്. 2034ലെ ലോകകപ്പില്‍ വേദിയാകാന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.