കാന്‍സര്‍ ബോധവത്കരണരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള (2023) സോളാര്‍ട്ട് ഇന്റര്‍നാഷണലിന്റെ അവാര്‍ഡ്, കോട്ടയം, കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫിന്. സംഘടനയിലെ അംഗവും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ് ഡോ. ജോജോയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്.
കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരേയും അവരുടെ പുതുതലമുറയേയും പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സോളാര്‍ട്ട് ഇന്റര്‍നാഷണല്‍. സമൂഹത്തോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി പ്രസ്തുത സംഘടന നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കാന്‍സര്‍ ബോധവത്കരണം. കൂടാതെ രണ്ട് പഞ്ചായത്തുകളെ ദത്തെടുത്ത് ആ പഞ്ചായത്തുകളെ മുഴുവന്‍ കാന്‍സര്‍ വിമുക്തമാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയും അവര്‍ പ്രവര്‍ത്തിക്കുന്നു.
കാന്‍സര്‍ ബോധവത്കരണം എന്ന പദ്ധതിയില്‍ സോളാര്‍ട്ട് ഇന്റര്‍നാഷണലിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഡോ. ജോജോ ജോസഫ് പറഞ്ഞു. കാന്‍സര്‍ ബോധവത്കരണത്തിനായി താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അവര്‍ നല്‍കിയ അവാര്‍ഡ് ഹൃദയപൂര്‍വം സ്വീകരിക്കുന്നതായും തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.