പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളില്‍നിന്നു ധനശേഖരണത്തിനായുള്ള കോണ്‍ഗ്രസ് കാമ്പയിന്‍ ‘ഡൊണേറ്റ് ഫോര്‍ ദേശ് ‘ആരംഭിച്ചു. കോണ്‍ഗ്രസിന്റെ 138-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണു കാമ്പയിന്‍ നടക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിക്കു തുടക്കം കുറിച്ചത്. കാമ്പയിനെക്കുറിച്ചു വ്യാപക പ്രചാരണം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും പ്രസിഡന്റുമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതാദ്യമായാണു കോണ്‍ഗ്രസ് രാജ്യത്തിനുവേണ്ടി ജനങ്ങളോട് സംഭാവന ചോദിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നിങ്ങള്‍ പണക്കാരെ മാത്രം ആശ്രയിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരുടെ നയങ്ങള്‍ പാലിക്കണം.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയും പൊതുജനങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വെബ്‌സൈറ്റിലെ പേമെന്റ് ലിങ്ക് വഴി 138 രൂപ, 1,380 രൂപ, 13,800 രൂപ, എന്നിങ്ങനെയാണ് സംഭാവകള്‍ പിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി സ്ഥാപകദിനമായ ഈമാസം 28 വരെ ഓണ്‍ലൈനായാണ് ധനസമാഹരണം. അതിനുശേഷം പാര്‍ട്ടി വോളണ്ടിയര്‍മാര്‍ വീടുകള്‍ കയറി കുറഞ്ഞത് 138 രൂപ വീതം സംഭാവനയായി സ്വീകരിക്കും.