Sunday, November 24, 2024

ഒരു വര്‍ഷം മുമ്പ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് കാണാതായ തക്കാളി കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ

ഒരു വര്‍ഷം മുമ്പ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് കാണാതായ തക്കാളി കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയെടുത്ത തക്കാളിയുടെ ആദ്യ ഫലമാണ് കാണാതെ പോയിരുന്നത്. കഴിഞ്ഞയാഴ്ചയാണ് കാണാതായ തക്കാളി തിരികെ കിട്ടിയത്.

2022-ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍വെച്ച് എക്സ്പോസ്ഡ് റൂട്ട് ഓണ്‍-ഓര്‍ബിറ്റ് ടെസ്റ്റ് സിസ്റ്റം (എക്സ്റൂട്ട്സ്) നടത്തുന്നതിനിടെ നാസ ബഹിരാകാശ ഗവേഷകനായ ഫ്രാങ്ക് റൂബിയോയുടെ കൈയ്യില്‍ നിന്നുമാണ് തക്കാളി നഷ്ടമായത്. പ്ലാസ്റ്റിക് ബാഗിനകത്തുവെച്ച രണ്ട് തക്കാളികള്‍ റൂബിയോ മറന്നുവയ്ക്കുകയായിരുന്നു.

‘തക്കാളി കണ്ടെത്തുന്നതിനായി 20 മണിക്കൂറോളം സമയം ചെലഴിച്ചിരുന്നു. ഞാന്‍ തക്കാളി കഴിച്ചുകാണുമെന്നാണ് മിക്കവരും കരുതിയത്’. റൂബിയോ പറഞ്ഞു.

തക്കാളി കണ്ടെത്താന്‍ കഴിയാത്തതില്‍ താന്‍ ഏറെ നിരാശനായിരുന്നുവെന്നും താന്‍ അത് കഴിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചിരുന്നതായും റൂബിയോ പറഞ്ഞു. റൂബിയോ തിരികെ ഭൂമിയിലേക്ക് വന്ന് മാസങ്ങള്‍ക്കുശേഷം നാസയുടെ മറ്റൊരു ബഹിരാകാശ ഗവേഷകനാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന തക്കാളികള്‍ കണ്ടെത്തിയത്.

അപ്പോഴേക്കും തക്കാളിയുടെ ഉള്ളിലെ നീര് വറ്റി ഉണങ്ങിപ്പോയിരുന്നതായി അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ അറിയിച്ചു. ചില നിറവ്യത്യാസങ്ങള്‍ ഉണ്ടായതല്ലാതെ അതില്‍ ഫംഗല്‍ ബാധകളോ മറ്റോ ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. രണ്ട് തക്കാളികളും ബഹിരാകാശത്ത് തന്നെ ഉപേക്ഷിച്ചു. അതിനാല്‍ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരില്ല.

 

Latest News