അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കാന്‍ ആലോചിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്ന ശേഷിയില്‍ കൂടുതല്‍ വാട്സില്‍ ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നതാണ് തീപിടിത്തം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്കിടയാക്കുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ഇക്കാര്യത്തില്‍ ആദ്യം ബോധവത്ക്കരണം നടത്താനാണ് നീക്കം ഫലം കണ്ടില്ലെങ്കില്‍ തുടര്‍ നടപടിയായി ഇന്‍ഷുറന്‍സ് നിഷേധിക്കും. ഇതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി ഉടന്‍ ചര്‍ച്ച നടത്താനാണ് മോട്ടാര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതിയാണ് വാഹനങ്ങളില്‍ തീപിടിത്തമുണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റമാണെന്ന് കണ്ടെത്തിയത്. ഈ പ്രവണത അവസാനിപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ് ഒഴിവാക്കുന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചതും സമിതിയാണ്.
താഴ്ന്ന വിഭാഗം വാഹനത്തില്‍ ഉയര്‍ന്ന വിഭാഗം വാഹനങ്ങളുടെ ലൈറ്റും ഹോണും കാമറയും സ്ഥാപിക്കുക, മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തുക, കമ്പനി നിഷ്‌കര്‍ഷിച്ച ശേഷിയില്‍ കൂടുതല്‍ വാട്‌സില്‍ ലൈറ്റുകള്‍ സ്ഥാപിക്കുക. തുടങ്ങിയ പ്രവണതകളാണുള്ളത്.
വാഹന നിര്‍മാതാക്കള്‍ ഘടിപ്പിച്ച സര്‍ക്യൂട്ടും കേബിളുകളും മുറിച്ചശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം രൂപമാറ്റം നടത്തുന്നത്. കൂടിയ വാട്‌സ് ലൈറ്റുകള്‍ അനധികൃതമായി ഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടില്‍ ഗുണനിലവാരമില്ലാത്ത കേബിളില്‍ തീപിടിക്കാം.
ഇത്തരം ആള്‍ട്ടറേഷന്‍ വരുത്താന്‍ വാഹനക്കമ്പനിയുടെ അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ മാത്രമേ അനുമതി നല്‍കാവൂ. എന്നും അല്ലാത്ത വര്‍ക്ക്‌ഷോപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാ വാഹനങ്ങളിലും തീയണയ്ക്കാനുള്ള ഉപകരണം നിര്‍ബന്ധമാക്കണമെന്നും അത്യാഹിതമുണ്ടായാല്‍ രക്ഷപ്പെടാന്‍ സീറ്റ് ബെല്‍റ്റ് കട്ടറും ഗ്ലാസ് പൊളിക്കുന്നതിന് ചുറ്റികയും ഉണ്ടാകണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം വാഹന നിര്‍മാതാക്കളോടു ഗതാഗതവകുപ്പ് ആവശ്യപ്പെടും എന്നാണ് വിവരം.