ഇസ്രായേല്‍ – പാലസ്തീന്‍ സംഘര്‍ഷം ശക്തമായി തുടരുമ്പോള്‍, ആയിരക്കണക്കിന് കുട്ടികളുടെ ജീവന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലോകത്തുതന്നെ കുട്ടികള്‍ക്ക് ഏറ്റവും അപകടകരമായ ഇടമായി ഗാസ മുനമ്പ് മാറിയെന്ന് യൂണിസെഫ്. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ കഴിഞ്ഞദിവസം ജനീവയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്രായേല്‍ – പാലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാസ, കുട്ടികള്‍ക്ക് ഏറ്റവും അപകടകരമായ ഇടമായിമാറിയെന്ന വിവരം യൂണിസെഫ് പ്രസ്താവിച്ചത്. ഗാസ പ്രദേശത്ത് രണ്ടുവയസ്സിനു താഴെയുള്ള ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണമോ, പോഷകാഹാരമോ, മുലപ്പാലോ ലഭിക്കുന്നില്ലെന്ന് യൂണിസെഫ് വ്യക്തമാക്കി. ഗാസ പ്രദേശത്ത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ ഉദരസംബന്ധിയായ രോഗങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഏതാണ്ട് 700 പേര്‍ക്ക് ഒന്നെന്ന നിലയില്‍ മാത്രമാണ് ഈ പ്രദേശത്ത് ശൗചാലയസൗകര്യമുള്ളത്.
കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഗാസ പ്രദേശത്തു പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ ആശുപത്രികളിലൊന്നായ അല്‍ നാസറിനുനേരെ രണ്ടുവട്ടം ബോംബാക്രമണമുണ്ടായതായി യൂണിസെഫ് അറിയിച്ചു. മുന്‍ദിവസങ്ങളിലെ ആക്രമണങ്ങളില്‍പെട്ട കുട്ടികളെ ഈ ആശുപത്രിയിലായിരുന്നു ചികിത്സിച്ചുവന്നിരുന്നത്. ഇവരെക്കൂടാതെ നിരവധി സ്ത്രീകളും കുട്ടികളും ആശുപത്രിയില്‍ അഭയംതേടിയിരുന്നു.
അടിയന്തിരമായി വെടിനിര്‍ത്തല്‍ ഉണ്ടാകുന്നില്ലെങ്കില്‍, ബോംബാക്രമണങ്ങളില്‍പെട്ട് മരിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍, യുദ്ധം സൃഷ്ടിക്കുന്ന ദുരിതാവസ്ഥയില്‍ രോഗബാധിതരായി മരിക്കുമെന്ന് യൂണിസെഫ് ഓര്‍മ്മിപ്പിച്ചു.