രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള റീടെയില്‍ സ്ഥാപനങ്ങളില്‍ യുപിഐ മുഖേനയുള്ള പണമിടപാടുകള്‍ 118 % വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കള്‍ നൂറുശതമാനത്തിലധികം വര്‍ദ്ധന രേഖപ്പെടുത്തിയതായി ഫിന്‍ടെക് കമ്പനിയായ PayNearby ആണ് കണ്ടെത്തിയിരിക്കുന്നത്.
2023 ജനുവരി-നവംബര്‍ മാസക്കാലയളവില്‍ 10 ലക്ഷത്തിലധികം വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ mPOS സംവിധാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചവരുടെ എണ്ണം 5 ശതമാനം വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്യാഷ് രജിസ്റ്റര്‍ മുഖേന ചെയ്യേണ്ട പ്രവൃത്തികള്‍ സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയ വയര്‍ലെസ് ഉപകരണങ്ങള്‍ വഴി നടത്തുന്നതിനെയാണ് mPOS അഥവാ മൊബൈല്‍ പോയിന്റ്-ഓഫ്-സെയില്‍ എന്ന് പറയുന്നത്.
ബാങ്കിംഗ് സേവനങ്ങള്‍ക്ക് മാത്രമല്ല, യൂടിലിറ്റി പേയ്മെന്റ്, കാഷ് കളക്ഷന്‍, ക്രഡിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് വേണ്ടിയും യുപിഐ സംവിധാനത്തെ ജനങ്ങള്‍ ആശ്രയിച്ചിട്ടുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ വളര്‍ച്ചയില്‍ യുപിഐ പങ്കുവഹിക്കുന്ന പങ്ക് സുപ്രധാനമാണ്. 2017-18ല്‍ 92 കോടി രൂപയുടെ യുപിഐ ഇടപാടുകളായിരുന്നു രാജ്യത്ത് നടന്നത്. എന്നാല്‍ 2022-23 ആയപ്പോഴേക്കും ഇത് 8,375 കോടിയായി മാറി. രാജ്യത്തിന്റെ ഓരോ കോണിലും ഇന്ന് യുപിഐ സംവിധാനം ലഭ്യമാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ വലിയ ഷോപ്പിംഗ് മാളുകള്‍ വരെ യുപിഐ സംവിധാനം മുഖേന പ്രവര്‍ത്തിക്കുന്നവയാണ്.