അപേക്ഷ സ്വീകരിച്ച് 60 സെക്കന്റിനുള്ളില്‍ വീസ നല്‍കുന്ന സംവിധാനമൊരുക്കി സൗദി. വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള എകീകൃത ദേശീയ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെയാണ് വീസ ലഭിക്കുന്നത്. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ വികസന പദ്ധതിയുടെ ഭാഗമായാണിത്. സൗദി അറേബ്യയില്‍ നിന്ന് വിതരണം ചെയ്യുന്ന എല്ലാത്തരം വീസകളും ഇനി മുതല്‍ ഈ വെബ് പോര്‍ട്ടല്‍ വഴി ലഭിക്കും.
ചൊവ്വാഴ്ച നടന്ന ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറം 2023 ലാണ് ഇതിന് തുടക്കം കുറിച്ചത്. 30 -ല്‍ അധികം വിവിധ മന്ത്രാലയങ്ങള്‍, അധികാരികള്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവയെ പുതിയ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
ഹജ്ജ്, ഉംറ, ടൂറിസം, ബിസിനസ് സന്ദര്‍ശന വീസകള്‍ക്കും തൊഴില്‍ വീസകള്‍ക്കും അടക്കമുള്ള എല്ലാത്തരം വീസകള്‍ക്കും വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുവാന്‍ ഈ പോര്‍ട്ടല്‍ സഹായിക്കും.
സൗദി വീസ പോര്‍ട്ടല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ‘വിഷന്‍ 2030’ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു ദേശീയ പങ്കാളിത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണെന്ന് എക്സിക്യൂട്ടിവ് അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുല്‍ ഹാദി അല്‍മന്‍സൂരി ‘ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറ’ത്തില്‍ പറഞ്ഞു. മുമ്പ് വീസ അനുവദിക്കുന്നതിനായി അപേക്ഷ സ്വീകരിച്ച് 45 ലേറെ ദിവസങ്ങള്‍ വേണമായിരുന്നു. ഇപ്പോള്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലമായി സ്ഥിതിഗതികള്‍ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍ഡിനുള്ളില്‍ വീസ ഇന്ന് വിതരണം ചെയ്യാന്‍ കഴിയും.
ഏതൊക്കെ വീസകള്‍ ലഭ്യമാണെന്ന് അറിയാന്‍ അപേക്ഷകനെ സഹായിക്കുന്നതിനും, ആവശ്യമായ ഗൈഡന്‍സ് നല്‍കുന്നതിനുമുള്ള സ്മാര്‍ട്ട് സെര്‍ച്ച് എന്‍ജിന്‍ പോര്‍ട്ടലിനുണ്ട്. ഭാവിയില്‍ വീണ്ടും വീസ അപേക്ഷകള്‍ ലളിതമായി സമര്‍പ്പിക്കാന്‍ കഴിയുന്ന വ്യക്തിഗത പ്രൊഫൈല്‍ രൂപീകരിക്കാനും ഇതില്‍ ക്രമീകരണമുണ്ട്. പുതിയ പോര്‍ട്ടല്‍ സംവിധാനം ഉപയോഗിക്കുന്നതിനായി സന്ദര്‍ശിക്കുക ksavisa.sa