Tuesday, November 26, 2024

ഹാഫിസ് സയീദിനെ കൈമാറാൻ പാക്കിസ്ഥാനോട് ഔദ്യോഗികമായി അഭ്യർഥിച്ച് ഇന്ത്യ

26/11 -ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെ ഇന്ത്യൻ നിയമപ്രകാരം നീതി നേരിടാൻ കൈമാറണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യൻ സർക്കാർ അഭ്യർഥിച്ചതായി റിപ്പോർട്ട്. ഹാഫിസ് സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യൻ സർക്കാരിൽനിന്ന് ഔദ്യോഗിക അഭ്യർഥന ലഭിച്ചതായി നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് നിരവധി പാക്ക് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യൻ സർക്കാരോ, പാക്കിസ്ഥാൻ മന്ത്രാലയമോ ഇത്തരമൊരു അഭ്യർഥന സ്ഥിരീകരിച്ചിട്ടില്ല.

സയീദിനെ ഇന്ത്യ, മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 2008 -ലെ മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യു.എസ്, ഇയാളെ കണ്ടെത്തുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ ആക്രമണത്തിൽ സയീദിന് പങ്കുണ്ടെന്നാരോപിച്ച് വിചാരണ നേരിടാൻ അദ്ദേഹത്തെ കൈമാറണമെന്ന് ഇന്ത്യ മുൻപും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയുടെ അഭാവം ഈ പ്രക്രിയയെ സങ്കീർണ്ണമാക്കുന്നു.

2022 ഏപ്രിലിൽ, തീവ്രവാദത്തിന് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട കുറ്റത്തിന് പാക്കിസ്ഥാൻ കോടതി സയീദിനെ 31 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട് എങ്കിലും, 2017 -ൽ വീട്ടുതടങ്കലിൽനിന്ന് മോചിതനായതിനെതുടർന്ന് അദ്ദേഹം സ്വാതന്ത്രനായതായും പറയപ്പെടുന്നു. കഴിഞ്ഞ ദശകത്തിൽ സയീദ് നിരവധി അറസ്റ്റുകളും തുടർന്നുള്ള മോചനവും അനുഭവിച്ചിട്ടുണ്ട്.

Latest News