അയോധ്യാക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ സംസ്ഥാന നേതാക്കൾ. തങ്ങളുടെ നിലപാട് നേതാക്കൾ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഇനി കോൺഗ്രസ് ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം എന്തെന്നറിയുവാൻ കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കൾ.
അയോധ്യാക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചരിക്കുന്നത് സോണിയാ ഗാന്ധിക്കും പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്കുമാണ്. എന്നാൽ ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനുകൂല തീരുമാനമാകും ഉണ്ടാവുകയെന്ന നിലയിലാണ് മുതിർന്ന നേതാവായ ദിഗ്വിജയ് സിങ് പ്രതികരിച്ചിട്ടുള്ളത്. വ്യക്തമായ മറുപടി പറയാതെ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലടക്കമുള്ള മുതിർന്ന നേതാക്കളും ഒഴിഞ്ഞുമാറിയതോടെ പ്രതിഷ്ഠാചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോ ഇല്ലയോ എന്നത് സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്.
ജനുവരി അവസാനം നടക്കുന്ന ചടങ്ങായതിനാൽ തീരുമാനം ഉടൻ തീരുമാനം എടുക്കേണ്ട കാര്യമില്ലെന്നും ഭാരത് ജോഡൊ യാത്രയുടെ പ്രഖ്യാപനവും നാഗ്പുർ റാലിയും മറ്റും നടക്കുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.