ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കുവിധിച്ച എട്ട് മുൻ നാവികസേനാംഗങ്ങൾക്ക് ശിക്ഷയിൽ ഇളവുനൽകി ഖത്തർ കോടതി. ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ സൈനികപരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന മലയാളി അടക്കം എട്ടുപേരെയാണ് ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിച്ചിരുന്നത്. അപ്പീൽ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്; എന്നാൽ ഇവർക്ക് തടവുശിക്ഷ ലഭിക്കും.
2022 ആഗസ്റ്റിലാണ് എട്ടുപേരും അറസ്റ്റിലാകുന്നത്. ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന കമ്പനിയിലാണ് ഇവർ ജോലിചെയ്തിരുന്നത്. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമ്മിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തു എന്നതാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എന്താണ്, ഇവർക്കുമേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റകൃത്യം എന്ന് ഖത്തറോ, ഇന്ത്യയോ ഇതുവരെ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. കുറ്റാരോപണത്തെ തുടർന്ന് വിചാരണയ്ക്കുശേഷം ഒക്ടോബർ 26 -ന് ഇവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
നാവികർ അറസ്റ്റിലായതുമുതൽ അവരുടെ മോചനത്തിനായി ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമാണ് ഇപ്പോൾ വിജയംകണ്ടിരിക്കുന്നത്. ദഹ്റ ഗ്ലോബൽ കേസിൽ ശിക്ഷ ഇളവുചെയ്ത ഖത്തറിലെ അപ്പീൽ കോടതിയുടെ വിധിയുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് ഇവർ. വിധി കേൾക്കാൻ ഇന്ത്യൻ അംബാസിഡറും ജയിലിലായവരുടെ കുടുംബാംഗങ്ങളും കോടതിയിലെത്തിയിരുന്നു.