പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞയോടെ കെ.ബി.ഗണേഷ് കുമാറിനു ഗതാഗത വകുപ്പ് മന്ത്രിയായും തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രിയായി രാമചന്ദ്രൻ കടന്നപ്പള്ളിയും ചുമതലയേറ്റു. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേതു ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന അതെ ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്ക് നൽകിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനായി ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രാത്രി തന്നെ തലസ്ഥാനത്തെത്തിയിരുന്നു.
മൂന്നാം തവണയാണ് ഗണേഷ് കുമാർ മന്ത്രിയാകുന്നത്. ആദ്യം ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിട്ടാണ് ഗണേഷ് കുമാറിന്റെ തുടക്കം. രണ്ടാം തവണ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായിരുന്നു. പിന്നീട് എൽഡിഎഫിൽ എത്തി. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് ഇപ്പോൾ മന്ത്രിയാകുന്നത്.