ജെഡിയു അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിതീഷിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്. പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജീവ് രഞ്ജൻ സിങ് രാജി വെച്ചതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്.
രാജീവ് രഞ്ജൻ സിങ് ആർജെഡിയുമായി അടുക്കുന്നെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിൻറെ രാജിയും പുതിയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പും നടന്നത്. 2016 മുതൽ 2020വരെ ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായിരുന്നു നിതീഷ്. പാർട്ടിയുടെ താത്പര്യം മുൻനിർത്തി ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്രകാരമാണ് നിതീഷ് കുമാർ ചുമതലയേറ്റെടുത്തതെന്ന് ജെഡിയു ബിഹാർ അധ്യക്ഷൻ ഉമേഷ് കുശ്‌വാഹ പറഞ്ഞു.
നിതീഷ് കുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി ലാലൻ സിങ് സ്ഥാനമൊഴിയുമെന്ന് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ ഐക്യ ശ്രമങ്ങൾക്ക് നിതീഷ് മുന്നിട്ടിറങ്ങിയത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ യോഗ്യതയുണ്ടെന്ന് ജെഡിയു നേതാക്കൾ ആവർത്തിക്കുന്നുമുണ്ട്.