Sunday, November 24, 2024

പാക്ക് പൊതുതിരഞ്ഞെടുപ്പ്: ഇമ്രാൻഖാൻറെ നാമനിദ്ദേശ പത്രിക തള്ളി ഇലക്ഷൻ കമ്മീഷൻ

2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കാനുള്ള മുൻ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ മോഹങ്ങൾ പൊഴിയുന്നു. ഇമ്രാൻ സമർപ്പിച്ച നാമനിർദേശ പത്രികകൾ പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണെന്നതിനാലാണ് ഇമ്രാന്റെ പത്രിക തള്ളിയതെന്നു പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ജയിൽശിക്ഷ അനുഭവിക്കുന്ന ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ചോദ്യം ചെയ്ത് ഇമ്രാൻ പാക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കോടതിയിൽ നിന്നു തിരിച്ചടിയേറ്റിട്ടും ഇമ്രാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.

തുടർന്നാണ് കഴിഞ്ഞാഴ്ച ജയിലിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിച്ചതിനു പുറമേ ഇമ്രാൻ പ്രചരണത്തിനും തുടക്കം കുറിച്ചിരുന്നു. എന്നാൽ കമ്മീഷൻ അദ്ദേഹത്തിൻറെ നാമനിർദേശ പത്രിക തള്ളുകയായിരുന്നു.

Latest News