കുട്ടികളെ ബാധിക്കുന്ന സാധാരണ അര്‍ബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL)യെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സിറപ്പ് രൂപത്തിലുള്ള കീമോതെറാപ്പി മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യയിൽ ആദ്യമായി ആണ് ഇത്തരത്തിൽ ഒരു മരുന്ന് വികസിപ്പിക്കുന്നത്. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററും ബെംഗളൂരുവിലെ ഐഡിആര്‍എസ് ലാബും ചേര്‍ന്നാണ് 6-മെര്‍കാപ്‌റ്റൊപുറിന്‍ (6-mercaptopurine, 6-MP) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്.
ഒന്നു മുതല്‍ പത്ത് വരെ പ്രായമുള്ള ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച ഏകദേശം 10,000 കുട്ടികള്‍ക്ക് മരുന്നിന്റെ ഗുണമുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. നിലവിലെ മരുന്നിലെ വെല്ലുവിളികള്‍ പുതിയ മരുന്നിന് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സിറപ്പ് രൂപത്തിലുള്ള 6-MP കുറേ നാളുകളായി യൂറോപ്പിലും അമേരിക്കയിലും ലഭ്യമാണെങ്കിലും വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ലഭ്യമായിരുന്നില്ല. PREVALL എന്ന ട്രേഡ് പേരില്‍ കുട്ടികള്‍ക്ക് വായിലൂടെ നല്‍കാവുന്ന രീതിയില്‍ പൊടി രൂപത്തിലും ഈ മരുന്ന് ലഭ്യമാകും.