പുതുവർഷാഘോഷങ്ങൾ തുടങ്ങാനിരിക്കെ നിയന്ത്രണങ്ങൾ വേണം എന്ന മുന്നറിയിപ്പുമായി എക്സൈസും പൊലീസും. ആഘോഷങ്ങൾ നടത്തുന്നതിൽ കുഴപ്പില്ല എന്നും എന്നാൽ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം എന്നുമാണ് ഇരുവിഭാഗവും ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിൻറെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുക.
രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തലസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾ പ്രധാനമായും നടക്കുന്ന ശംഖുമുഖം, കോവളം, വർക്കല ബീച്ചുകളിൽ സുരക്ഷ ശക്തമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. കോഴിക്കോട് പുതുവത്സരാഘോഷത്തിന് പൊലീസിൻറെ കർശന നിരീക്ഷണം ഉണ്ടാകും. പ്രധാന ആഘോഷ കേന്ദ്രമായ ബീച്ചിലേക്ക് 3 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പ്രധാന സ്ഥലങ്ങളിൽ എല്ലാം പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.