നൈജീരിയയിലെ തരാബ സംസ്ഥാനത്ത് ഡിസംബര്‍ 28 -ന് എട്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ഉസ്സാ കൗണ്ടിയിലെ നാല് ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു ആക്രമണം.
‘ക്രിസ്തുമസ് ദിനങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്പാംബോ, ഫിക്യു, ക്പാംബോ-യാഷെ, ക്പാംബോ-കുരി എന്നീ ഗ്രാമങ്ങള്‍ ആക്രമിച്ചു. ഡിസംബര്‍ 28 -നുണ്ടായ ആക്രമണങ്ങളില്‍ എട്ട് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യാനികളുടെ വീടുകളില്‍ ഭൂരിഭാഗവും ഭീകരര്‍ തകര്‍ത്തു’ – ലാമി ജോണ്‍ ക്രിസ്റ്റ്യന്‍ ഡെയ്ലി ഇന്റര്‍നാഷണല്‍-മോണിംഗിനോടു പറഞ്ഞു. അക്രമികള്‍ കണ്ണില്കാണുന്നവരെയൊക്കെ വെടിവച്ചു കൊല്ലുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്യുന്നതിനാല്‍ ആക്രമണത്തിന് ഇരയായ ജോണ്‍ തന്റെ ഗ്രാമത്തില്‍നിന്ന് പലായനം ചെയ്യുകയായിരുന്നു.
‘ഭൂരിപക്ഷം ക്രിസ്ത്യന്‍ കര്‍ഷകര്‍ക്കും അവരുടെ കൃഷിയിടങ്ങളില്‍ പോയി വിളവെടുക്കാന്‍ കഴിയുന്നില്ല. കാരണം ഈ തീവ്രവാദികള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് ഫാമുകളില്‍ ജോലിചെയ്യുന്ന ക്രിസ്ത്യാനികളെ കൊല്ലുന്നു. ഞങ്ങളുടെ കൃഷിയിടങ്ങളിലേക്കു പോകുന്നത് അപകടകരമാണ്. കഴിഞ്ഞയാഴ്ച ഉസ്സ കൗണ്ടിയിലെ ജെനുവാഗിഡ ഗ്രാമത്തില്‍ 13 ക്രിസ്ത്യന്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു’ – ലാമി ജോണ്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഉസ്സാ കൗണ്ടിയില്‍ അഞ്ഞൂറിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി താരബ സ്റ്റേറ്റ് ഹൗസ് ഓഫ് അസംബ്ലിയിലെ പ്രതിനിധി റികുപ്കി യുറേനിയാങ് ജോഷ്വ പത്രപ്രസ്താവനയില്‍ പറഞ്ഞു.