Wednesday, November 27, 2024

2024 ല്‍ പുതിയ മൂന്ന് ചാര ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ

2024 ല്‍ പുതിയ മൂന്ന് ചാര ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ. ഒപ്പം സൈനികാവശ്യത്തിനുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കാനും ആണവശേഷി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. യു.എസ്സിന്റെ നയം യുദ്ധം അനിവാര്യമാക്കിയിരിക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.

ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) അഞ്ച് ദിവസം നീണ്ട യോഗത്തിലാണ് കിം ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പുതിയ വര്‍ഷത്തെ സാമ്പത്തികം, സൈനികം, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനായാണ് പാര്‍ട്ടി യോഗം ചേര്‍ന്നത്.

‘നമ്മളെ ആക്രമിക്കാനുള്ള ശത്രുക്കളുടെ വീണ്ടുവിചാരമില്ലാത്ത നീക്കങ്ങള്‍ കാരണം കൊറിയന്‍ ഉപദ്വീപില്‍ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം.’ -കിം ജോങ് ഉന്‍ പറഞ്ഞതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയിലും യു.എസ്സിലും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷത്തിന് മുന്നോടിയായാണ് കിം ഈ പ്രസംഗം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ദക്ഷിണ കൊറിയയുടെ മുഴുവന്‍ പ്രദേശങ്ങളെയും ‘തലോടാന്‍’ സജ്ജമായിരിക്കാന്‍ കിം ജോങ് ഉന്‍ സൈന്യത്തോട് ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്രത്യാക്രമണത്തില്‍ ഉപയോഗിക്കാന്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കാനാണ് അദ്ദേഹം സേനയ്ക്ക് നല്‍കിയ നിര്‍ദ്ദേശം.

യു.എസ്സില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ വരെ ഉത്തരകൊറിയ ഇത്തരത്തിലുള്ള നീക്കങ്ങള്‍ തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

 

Latest News