രാജ്യത്തെ ആണവകേന്ദ്രങ്ങളുടെയും റിയാക്ടറുകളുടെയും വിവരങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയതായി വിദേശകാര്യമന്ത്രാലയം. ഓരോവര്‍ഷവും വിവരങ്ങള്‍ കൈമാറണമെന്ന കാരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയിലുള്ള ആണവ റിയാക്ടറുകളുടെ വിവരങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനിലുള്ള ആണവ റിയാക്ടറുകളുടെ വിവരങ്ങള്‍ പാക്കിസ്ഥാനും പരസ്പരം കൈമാറണമെന്നാണ് കരാര്‍.
രാജ്യത്ത് എവിടെയെല്ലാമാണ് ആണവ റിയാക്ടറുകളുള്ളതെന്ന വിവരങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും എല്ലാവര്‍ഷവും പുതുവര്‍ഷത്തില്‍ പരസ്പരം കൈമാറാറുണ്ട്. 1988 ഡിസംബര്‍ 31നാണ് ആണവവിവരങ്ങള് കൈമാറുന്നതു സംബന്ധിച്ച കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചെങ്കിലും 1991 ജനുവരി 27നാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 1992ല്‍ ആദ്യമായി വിവരങ്ങള്‍ കൈമാറി. 33ാം തവണയാണ് രാജ്യത്തെ ആണവറിയാക്ടറുകളുടെ വിവരങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും കൈമാറുന്നത്. എന്നാല്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റുവിവരങ്ങള്‍ കൈമാറാറില്ല.
1974ലാണ് ആദ്യമായി ആണവപരീക്ഷണം നടത്തി ഇന്ത്യ ആണവശക്തിയായി മാറുന്നത്. തൊട്ടുപിന്നാലെ പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തി. പാക്കിസ്ഥാന്റെ കൈവശം ആണവായുധം ഉണ്ടെന്നാണ് ലോകം സംശയിക്കുന്നത്. രണ്ടുരാജ്യങ്ങളിലും കരാര്‍ നിലവില്‍ വന്നതിനു ശേഷവും പരീക്ഷണങ്ങള്‍ നടന്നിരുന്നു.