രാജ്യത്തെ ട്രെയിന്‍ അപകടങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ തേടി സുപ്രീം കോടതി. യാത്രക്കാരുടെ സുരക്ഷയ്ക്കായി ‘കവാച്ച്’ ഉള്‍പ്പെടെ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, ഭാവിയില്‍ എന്തെല്ലാം നടപടികള്‍ കൂടി സ്വീകരിക്കുമെന്ന് അറിയിക്കാനുമാണ് നിര്‍ദ്ദേശം. തീവണ്ടി അപകടങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. നാലാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
ഇന്ത്യന്‍ റെയില്‍വേയില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (കവാച്ച് പ്രൊട്ടക്ഷന്‍ സിസ്റ്റം) ഉടന്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും, റെയില്‍വേ സംവിധാനത്തില്‍ നിലവിലുള്ള അപകടസാധ്യതകളും സുരക്ഷ മാനദണ്ഡങ്ങളും അവലോകനം ചെയ്യുന്നതിന് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സാങ്കേതിക അംഗങ്ങള്‍ അടങ്ങുന്ന ഒരു വിദഗ്ധ കമ്മീഷനെ രൂപീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ‘കവാച്ച്’ സ്‌കീം ഉള്‍പ്പെടെ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കിയ അല്ലെങ്കില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംരക്ഷണ നടപടിയെക്കുറിച്ച് അറിയിക്കാന്‍ അറ്റോര്‍ണി ജനറലാലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. പാന്‍-ഇന്ത്യ തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് ഹര്‍ജിക്കാരനോട് ചോദിച്ചു.
പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ചെലവും പരിഗണിക്കേണ്ടതുണ്ട്. ആത്യന്തികമായി ഈ ഭാരം യാത്രക്കാരുടെ മേല്‍ പതിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടത്തുന്നുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് സാമ്പത്തിക വശം തടസ്സമാകരുതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. പിന്നാലെയാണ് കോടതി കേന്ദ്രത്തോട് വിശദാംശങ്ങള്‍ ആരാഞ്ഞത്. 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.