Tuesday, November 26, 2024

പ്രധാനമന്ത്രിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം ഒരുക്കി തൃശ്ശൂര്‍; മണല്‍ ശേഖരിച്ചത് രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനായി പടുകൂറ്റന്‍ മണല്‍ ചിത്രം തൃശ്ശൂരില്‍ ഒരുങ്ങി. വടക്കും നാഥന്റെ മണ്ണിലാണ് മണല്‍ ചിത്രം ഒരുക്കുന്നത്. നാളെ തൃശ്ശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി ചിത്രം സമര്‍പ്പിക്കും. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ക്കുന്നത്.

ഗോകുലം ഗോപാലന്റെ നേതൃത്വത്തിലാണ് മണല്‍ ചിത്രം ഒരുക്കുന്നത്. രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണ്ണും ഉള്‍പ്പെടും. ഏകഭാരത് ശ്രേഷ്ട ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ് വ്യത്യസ്ത കോണുകളില്‍ നിന്ന് ശേഖരിച്ച മണല്‍ കൊണ്ട് ചിത്രം ഒരുക്കിയിരിക്കുന്നത്.

പത്ത് ദിവസം എടുത്താണ് 51 അടി ഉയരമുള്ള ചിത്രം പൂര്‍ത്തീകരിക്കുന്നത്. ഇത്രയും വലിയ ചിത്രം ഇന്നേവരെ ആരും മണലില്‍ തീര്‍ത്തിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ലോകറെക്കോര്‍ഡ് നേടാനാണ് സാധ്യത. മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യറാക്കാന്‍ പ്രോരണയായത് എന്ന് ചിത്രകാരനായ ബാബു പറഞ്ഞു.

ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേരുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിര്‍മ്മാണ ചിലവ് വഹിക്കുന്നത്. നാളെ തേക്കിന്‍ക്കാട് മൈതാനത്ത് ബിജെപിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പം എന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തും.

 

Latest News